
ന്യൂഡല്‍ഹി: ഏഷ്യാകപ്പിനുള്ള 17 അംഗ ഇന്ത്യന്‍ ടീമില്‍ മലയാളിതാരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയില്ല. താരത്തെ റിസര്‍വ് താരമായിട്ടാണ് നിലനിര്‍ത്തിയിരിക്കുന്നത്. ഈ വര്‍ഷം ലോകകപ്പ് നാട്ടില്‍ നടക്കാനിരിക്കെ ടീമിലെ ഓരോരുത്തരുടേയും പ്രകടനം നിര്‍ണ്ണായകമാകും. ഏഷ്യാക്കപ്പിനുള്ള ടീമിനെ സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ന്യൂഡല്‍ഹിയില്‍ പ്രഖ്യാപിച്ചത്.
കെ.എല്‍. രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും ഫോം സഞ്ജുവിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാകും. ഇവരുടെ തിരിച്ചുവരവാണ് സഞ്ജുവിന് തടസ്സമായത്. കെ.എല്‍. രാഹുലിന്റെ അസാന്നിദ്ധ്യത്തില്‍ മാത്രമായിരിക്കും സഞ്ജുവിന് അവസരം. അയര്‍ലന്റ് പര്യടനത്തില്‍ ടീമിനെ നയിച്ച പേസര്‍ ജസ്പ്രീത് ബുംറ ആരോഗ്യം വീണ്ടെടുത്ത് ടീമില്‍ തിരിച്ചെത്തിയത് ഇന്ത്യയെ സംബന്ധിച്ചിടത്തോശം ശുഭകരമായ കാര്യമാണ്.
ശ്രേയസ് അയ്യര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ തിലക്വര്മ്മയും സൂര്യകുമാര്‍ യാദവും ഉള്‍പ്പെട്ടു. രോഹിത് ശര്‍മ്മയാണ് നായകന്. ശുഭ്മാന്‍ ഗില്‍, വിരാട്കോഹ്ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, കെ.എല്‍. രാഹുല്‍, ഇഷാന് കിഷന്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദൂല്‍ ഠാക്കൂര്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി, മൊഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിലുള്ളത്.






