
മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ജനാര്ദ്ദനന്. വ്യത്യസ്തമായ ശബ്ദത്തിനുടമയായ താരം. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, സുരേഷ്ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ മുതല്‍ ഇപ്പോഴുള്ള യുവനടന്മാര് വരെയുള്ള തലമുറകള്‍ക്കൊപ്പം യാതൊരു കോട്ടവും തട്ടാതെ ക്യാരക്ടര്‍, കോമഡി റോളുകളിലെല്ലാം ജനാര്ദ്ദനന് നിറഞ്ഞ് നിന്നിട്ടുണ്ട്. ഇപ്പോഴിതാ താരം തന്റെ വിവാഹജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്നേഹിച്ച പെണ്ണ് കൈകുഞ്ഞുമായി വന്നപ്പോൾ ജീവിതത്തിലേക്ക് സ്വീകരിച്ച കാര്യമാണ് ജനാര്ദ്ദനന് മണിയന്‍പിള്ള രാജുവുമായുള്ള അഭിമുഖത്തില്‍ പങ്കുവച്ചത്. ‘‘എന്റെ ബന്ധത്തില്‍പെട്ട ഒരു പെണ്‍കുട്ടിയുമായി ചെറുപ്പം മുതല്‍ ഒരു പ്രണയമുണ്ടായിരുന്നു.... ബന്ധുതയൊക്കെ വച്ച് അവള്‍ക്ക് കല്യാണപ്രായമായപ്പോള്‍ അവളുടെ അച്ഛന് മറ്റൊരാളുമായി അവളെ കല്യാണം കഴിപ്പിച്ചു...നമ്മള് ദുഃഖിതനായി. ആ ദുഃഖം മനസ്സില്‍ വച്ച് മിണ്ടാതെ നടന്നു. എന്തെങ്കിലും പോംവഴി തെളിയുമെന്ന് അറിയാമായിരുന്നു. ഏതായാലും ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ പിരിഞ്ഞു. ഇതിനിടയില്‍ അതിലൊരു കുട്ടിയും ജനിച്ചിരുന്നു. അവള് വിഷമിച്ചിരുന്നപ്പോള്‍ ഞാന്‍ കൂടെ കൂട്ടാന്‍ തീരുമാനിച്ചു. കുട്ടിയുടെ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, നിന്റെ ജന്മം എനിക്ക് അവകാശപ്പെട്ടതാണ്. നീ പോര്...അങ്ങനെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. പക്ഷേ അവള്‍ക്ക് എന്റെ കൂടെ കൂടുതല്‍ കാലം ജീവിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ മരിച്ചിട്ട് ഏകദേശം പന്ത്രണ്ട് വര്‍ഷമായി. അവളുടെ മകളും എന്റെ മകളുമൊക്കെ എന്റെ കൂടെത്തന്നെയാണ്... രണ്ടുപേരും ഒരുപോലല്ലേ. എനിക്ക് വ്യത്യാസമൊന്നുമില്ല. രണ്ടുപേരും സുഖമായി ജീവിക്കുന്നു. അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് ഞാനും...’’ ജനാര്ദ്ദനന് പറയുന്നു. വീഡിയോ കണ്ടിട്ട് ആരാധകരടക്കം പലരും താരത്തിന്റെ നല്ല മനസ്സിനെ പ്രശംസിക്കുന്നുണ്ട്. ‘ഇങ്ങനെയും ഒരു പിന്നാമ്പുറം ഉണ്ടല്ലേ ചേട്ടന് പിറകിൽ, സിനിമയിൽ നായകനാവാത്ത ആൾ ജീവതത്തിൽ നായകനായി, അഭിമാനം തോന്നുന്നു ചേട്ടാ...’ എന്നതടക്കമാണ് കമന്റുകള്‍.






