
ലോകത്തിലെ ഏറ്റവും പവിത്രമായ ബന്ധമാണ് മാതാപിതാക്കളും കുട്ടികളും തമ്മില്‍ പുലര്‍ത്തുന്നത്. കാലം എത്ര കടന്നാലും മാതാപിതാക്കള്‍ക്ക് മക്കള്‍ എന്നും കുഞ്ഞുങ്ങള്‍ തന്നെയാണ്. ഇത് തെളിയിക്കുന്ന അനേകായിരം വീഡിയോകളും സംഭവങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ എയര്‍ ഹോസ്റ്റസായ മകള്‍ ഒരുങ്ങുന്നതിനിടെയുള്ള അച്ഛന്റെ സ്നേഹം സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. ഒരുങ്ങുന്നതിനിടെ മകള്‍ക്ക് ഭക്ഷണം വാരി വായില്‍ വച്ചുകൊടുക്കുന്ന അച്ഛന്റെ വീഡിയോയാണ് ഇത്.
ഇന്‍സ്റ്റാഗ്രാം ഉപയോക്താവായ പൂജ ബിഹാനി ശര്‍മ്മയുടെ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. കണ്ടന്റ്ക്രിയേറ്ററും ഇന്‍ഡിഗോയിലെ ലീഡ് ക്യാബിന് അറ്റന്‍ഡറുമാണ് പൂജ. വീഡിയോ പങ്കുവച്ച് കൊണ്ട് പൂജ ഇങ്ങനെ എഴുതി. ''പപ്പാ, നിങ്ങളാണ് ഏറ്റവും മികച്ചത്. ഞാന്‍, പറഞ്ഞാല്‍ മതിയാക്കില്ലെന്ന് എനിക്കറിയാം, അതിനാല്‍ ഞാന്‍ ഇന്ന് അധികമായി പറയാം. എല്ലാത്തിനും നന്ദി, അച്ഛാ. നിങ്ങള്‍ എവിടെയായിരുന്നാലും അതാണ് എന്റെ വീട്. ഞാന്‍ നിങ്ങനെ സ്നേഹിക്കുന്നു, പപ്പാ.'' പൂജയുടെ കുറിപ്പ് കൂടിയായതോടെ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലായി. കണ്ണാടിക്ക് മുന്നില്‍ നിന്ന് ജോലിക്ക് പോകാനൊരുങ്ങുകയായിരുന്നു പൂജ. മകള്‍ മുഖത്ത് മെയ്ക്കപ്പ് ചെയ്യുമ്പോള്‍ അടുത്ത് നിന്ന അച്ഛന് അവള്‍ക്ക് ഭക്ഷണം വായില്‍ വച്ച് കൊടുക്കുകയായിരുന്നു.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്. ''അച്ഛനാണ് അച്ഛാ അച്ഛന്' എന്നായിരുന്നു ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് കുറിച്ചത്. 'അച്ഛനാണ് അച്ഛന്, ആര്‍ക്കും അദ്ദേഹത്തിന്റെ സ്ഥാനം പിടിച്ചെടുക്കാന്‍ കഴിയില്ല,'' മറ്റൊരാള്‍ എഴുതി. 'ഞാന്‍ എന്റെ കോളേജില്‍ എത്താന്‍ വൈകുമ്പോഴെല്ലാം അമ്മ എനിക്ക് ഭക്ഷണം നല്കുന്ന അതേ രീതിയില്‍.' മറ്റൊരു കാഴ്ചക്കാരി എഴുതി. നിങ്ങള്‍ ജീവിതത്തില്‍ വിജയിച്ചു എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'ഞാന്‍ കള്ളം പറയുന്നില്ല. ഞാന്‍ കരയുന്നില്ല.(ഞാന്‍ കള്ളം പറഞ്ഞു.)' മറ്റൊരാള്‍ വൈകാരികമായി കുറിച്ചു. കഴിഞ്ഞ ഓഗസ്റ്റ് ആറാം തിയതി പൂജ പങ്കുവച്ച വീഡിയോ ഇതിനകം എട്ട് ലക്ഷം പേരാണ് ലൈക്ക് ചെയ്തത്. ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം പേര് ഇതിനകം വീഡിയോ കണ്ടു കഴിഞ്ഞു.






