
ബംഗലുരു: ചാന്ദ്രയാന്‍ ദൗത്യം വിജയകരമായതിന് പിന്നാലെ ശാസ്ത്രജ്ഞരെ കാണാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎസ്ആര്‍ഒ ക്യാംപസില്‍. ചന്ദ്രയാന്‍ ദൗത്യത്തിന് ചുക്കാന്‍ പിടിച്ച എല്ലാ ശാസ്ത്രജ്ഞരെ നേരിട്ടുകാണാനും അഭിനന്ദിക്കാനുമാണ് പ്രധാനമന്ത്രി ബംഗലുരുവില്‍ എത്തിയത്. ഗ്രീസ് സന്ദര്‍ശനത്തിന് ശേഷം ചാന്ദ്രയാന്‍ 3 ന്റെ ശില്‍പ്പികളെ കാണുന്നതിനായി പ്രധാനമന്ത്രി നേരിട്ട് ബംഗലുരുവില്‍ എത്തുകയായിരുന്നു.
ഇസ്ട്രാക് ക്യാമ്പസില്‍ മോദി ശാസ്ത്രജ്ഞരെ കാണാന്‍ നേരിട്ടെത്തുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്നും റോഡ്ഷോ ആയിട്ടാണ് മോഡി ഐഎസ്ആര്‍ഒ യിലേക്ക് എത്തിയത്. ഐഎസ്ആര്‍ഒ മേധാവി അടക്കം ഏറ്റവും മുതിര്‍ന്ന ശാസ്ത്രജ്ഞരാണ് അദ്ദേഹത്തെ സ്വാഗതം ചെയ്യാനെത്തിയത്. ഐഎസ്ആര്‍ഒ മേധാവി സോമനാഥ് പൂച്ചെടി നല്‍കിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ലോകത്തിന്റെ ഓരോ മൂലയിലും ഇന്ത്യയുടെ ശാസ്ത്രനേട്ടത്തില്‍ അഭിമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഊഷ്മളമായ സ്വീകരണമാണ് ഐഎസ്ആര്‍ഒ ക്യാംപസില്‍ പ്രധാനമന്ത്രിയ്ക്ക് കിട്ടിയത്. തുടര്‍ന്ന് ചാന്ദ്രയാന്‍ ദൗത്യത്തിന്റെ പ്രവര്‍ത്തനം പ്രധാനമന്ത്രിയെ ശാസ്ത്രജ്ഞര്‍ വലിയ സ്ക്രീനില്‍ കാണിച്ചു.
ഇന്ന് പുലര്‍ച്ചെ 6.25 ഓടെയാണ് ബംഗലുരുവില്‍ പ്രധാനമന്ത്രി എത്തിയത്. മോദിയെ കാണാന്‍ അനേകരാണ് ഇവിടെ ദേശീയപതാകയുമായി എത്തിയത്. വിമാനത്താവളത്തിലെ പ്രത്യേക വേദിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത മോദി ചാന്ദ്രയാന്റെ വിജയം രാജ്യത്തിനാകെ അഭിമാനമാണെന്ന് പറഞ്ഞു. ജയ് ജവാന് ജയ് കിസാന്‍ എന്ന പരമ്പരാഗത മുദ്രാവാക്യത്തോടൊപ്പം ജയ് വിദ്യാന്, ജയ് അനുസന്ധാന്‍ എന്നും അദ്ദേഹം വിളിച്ചു. നമ്മുടെ മുദ്രാവാക്യത്തില്‍ വിദ്യാഭ്യാസത്തിന്റെയും ശാസ്ത്രത്തിന്റെയും നേട്ടം കൂടി നമ്മള് കൂട്ടിച്ചേര്‍ക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.






