
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം നടക്കാനിരിക്കേ മന്ത്രിസഭവികസിപ്പിച്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. മൂന്ന് എംഎല്‍എമാരെ കൂടിയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ഇവരുടെ സത്യപ്രതിജ്ഞ ഇന്നു രാവിലെ രാജ്ഭവനില്‍ നടന്നു.
രാജേന്ദ്ര ശുക്ല, രാജ്പുത് നേതാവ് ഗൗരിശങ്കര്‍ ബിസെന്‍, ഒബിസി നേതാവ് രാഹുല്‍ ലോധി എന്നിവരാണ് പുതിയ മന്ത്രിമാര്‍. വിന്ദ മേഖലയിലെ രേവ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് രാജേന്ദ്ര ശുക്ല. നാല് തവണ അദ്ദേഹം എംഎല്‍എ ആയിട്ടുണ്ട്. നേരത്തെ മധ്യപ്രദേശ് സര്‍ക്കാരില്‍ വാണിജ്യ മന്ത്രിയായിരുന്നു. ബലാഗറില് നിന്നുള്ള രജ്പുത് നേതാവായ ഗൗരിശങ്കര്‍ ബിസെന്‍ മുന്‍പും ശിവരാജ് സിംഗ് മന്ത്രിസഭയില്‍ അംഗമായിരുന്നു. ഖരഗ്പുരില്‍ നിന്നുള്ള രാഹുല്‍ ലോധിയിലൂടെ 40% വരുന്ന ഒബിസി വോട്ടുകള്‍ സ്വന്തമാക്കാമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
ഇതോടെ മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരുടെ എണ്ണം 34 ആയി. 230 അംഗ നിയമസഭയില്‍ ചട്ടമനുസരിച്ച് 35 മന്ത്രിമാരെ വരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം. 2021 ജനുവരിയിലാണ് ഇതിനു മുന്‍പ് ശിവരാജ് സിംഗ് മന്ത്രിസഭ വികസിപ്പിച്ചത്.
ഇത് നാലാം തവണയാണ് ശിവരാജ് സിംഗ് ചൗഹാന് മുഖ്യമന്ത്രിയാകുന്നത്. ഇത്തവണയാണ് ഏറ്റവും കൂടുതല്‍ കാലം അധികാരത്തില്‍ തുടരാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. ജാതി സമവാക്യങ്ങളും സാമുദായിക, പ്രദേശിക പരിഗണനകളും പാലിച്ചാണ് അദ്ദേഹത്തിന്റെ ഭരണം.
അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള 39 പേരുടെ ആദ്യപട്ടിക ബിജെപി ഇതിനകം തന്നെ പുറത്തിറക്കി കഴിഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കുക.






