
ആന്ധ്രപ്രദേശിലെ സീമാചലത്തിലെ ക്ഷേത്രത്തില്‍ നിന്ന് പുറത്തുവരുന്ന ഒരു കൗതുക വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ ഭണ്ഡാരത്തില് ഏകദേശം 100 കോടിയുടെ ചെക്ക് നിക്ഷേപിച്ചിരിക്കുകയാണ് ഒരു ഭക്തന്. ക്ഷേത്രത്തിലെ ഭാരവാഹികളാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ബുധനാഴ്ച ഭണ്ഡാരം എണ്ണുന്നതിനിടെയാണ് 530485009 എന്ന നമ്പരിലുള്ള 100 കോടിയുടെ ചെക്ക് ക്ഷേത്രജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ക്ഷേത്രം ജീവനക്കാര്‍ ഉടന്‍ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇഒ) ത്രിനാഥ് റാവുവിനെ ചെക്ക് കിട്ടിയ വിവരം അറിയിച്ചു.
ഈ ചെക്കിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. കൊട്ടക് മഹീന്ദ്രയുടെ ബാങ്കിന്റെ പേരിലുള്ള ചെക്കില്‍ ബൊഡ്ഡെപള്ളി രാധാകൃഷ്ണ എന്ന ആളാണ് ഒപ്പിട്ടത്.മഹീന്ദ്രയുടെ വിശാഖപട്ടണം ബ്രാഞ്ചില്‍ നിന്നാണ് ഇയാള്‍ അക്കൗണ്ട് ആരംഭിച്ചത്. ചെക്ക് കണ്ടയുടന്‍ ക്ഷേത്രത്തിലെ അധികൃതര്‍ ചെക്കുമായി തൊട്ടടുത്തുള്ള ബ്രാഞ്ചിലെത്തി. എന്നാല്‍ അപ്പോഴാണ് സംഭവത്തിലെ ട്വിസ്റ്റ്. ചെക്ക് 100 കോടിയുടേതാണെങ്കിലും അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 17 രൂപ മാത്രമാണ്. 'വിശാഖപട്ടണത്തെ എംവിപി ഡബിള്‍ റോഡിലുള്ള കൊട്ടക് മഹീന്ദ്ര ബാങ്ക് ശാഖയുടേതാണ് ചെക്കിലെ ബാങ്ക് വിശദാംശങ്ങള്‍. വ്യാഴാഴ്ച രാവിലെ, ഞങ്ങള്‍ ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍, ചെക്കിന്റെ അക്കൗണ്ട് ഉടമ ബോഡേ പള്ളി രാധാകൃഷ്ണയുടെ അക്കൗണ്ടില്‍ 17 രൂപ മാത്രമേയുള്ളൂവെന്ന് കണ്ടെത്തി, ''ഒരു ക്ഷേത്ര ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
ഏതായാലും അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ച് ആളെ കണ്ടെത്താന്‍ ഉള്ള നീക്കത്തിലാണ് ഉദ്യോഗസ്ഥര്‍. ക്ഷേത്ര ഭാരവാഹികളെ മനപൂര്‍വ്വം കബളിപ്പിക്കാനാണ് ചെക്ക് ഇട്ട ആള് ശ്രമിച്ചതെന്ന് വ്യക്തമായാല്‍ ചെക്ക് മടങ്ങിയതിന് കേസെടുക്കും.. പത്ത് രൂപ എഴുതിയ ശേഷം പൂജ്യങ്ങള്‍ എഴുതിയത് ആവാം എന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. ചെക്ക് ഉടമയുടെ വിലാസം കണ്ടെത്താന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു. അദ്ദേഹത്തിന്റെ വിശദാംശങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍, ഈ സംഭവത്തിന്റെ കാരണമനുസരിച്ച് ഭക്തനെതിരെ ഞങ്ങള്‍ ചെക്ക് ബൗണ്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഇവര്‍ വ്യക്തമാക്കി.






