
നടക്കാവ് ബൈക്ക് ഷോറൂമിൽനിന്ന്ബൈക്കുമായി കടന്നുകളഞ്ഞ യുവാവ് വടകരയിൽ വെച്ച് പിടിയില്‍. കുരുവട്ടൂർ പറമ്പിൽ പാറയിൽ വീട്ടിൽ കിരൺചന്ദ് (27) ആണ് അറസ്റ്റിലായത്. പെട്രോൾ അടിച്ചശേഷം മൂരാട് പാലയാട് നട പെട്രോൾ പമ്പിൽനിന്ന് പണമടയ്ക്കാതെ ജീവനക്കാരനെ മർദിച്ച് കടന്നുകളഞ്ഞ ഇയാളെ ജീവനക്കാരും നാട്ടുകാരും ചേർന്ന് വടകര പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തതോടെയാണ് ഇയാളുടെ പക്കലുളളത് മോഷ്ടിച്ച ബൈക്കാണെന്ന് മനസ്സിലായത്. ഗ്രിൽസ് തകർത്ത്നടക്കാവ് വണ്ടിപ്പേട്ടയിലെ കെവിആർ ഷോറൂമിൽ പ്രദർശനത്തിനുവച്ച കെടിഎം ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്. ഈ ബൈക്കുമായി വടകര ഭാഗത്തേക്ക് വരുന്നതിനിടെ ഞായറാഴ്ച രാവിലെ 6.30 ന് മൂരാട് ബ്രദേഴ്സിലെ മാധവം ഫ്യൂവൽസിൽ പെട്രോൾ അടിക്കാൻ കയറി.
ഇന്ധനം അടിച്ചശേഷം പണം ഗൂഗിൾ പേ വഴി അടയ്ക്കാമെന്ന് പറഞ്ഞു. പണം കിട്ടാതായതോടെ ജീവനക്കാരൻ ഇത് ചോദ്യം ചെയ്തു. ഇതിനിടെ ഇയാൾ ജീവനക്കാരന്റെ മൂക്കിനിടിച്ച് വീഴ്ത്തി കടന്ന് കളയുകയായിരുന്നു. ഇതോടെ ബൈക്കിനെ പിന്തുടർന്ന നാട്ടുകാർ യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.






