
സംസ്ഥാനത്ത് ചെക്ക്പോസ്റ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ക്ഷീര വികസന വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന. ഭക്ഷ്യ സുരക്ഷാ വകുപ്പ് ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന നടത്തിയതിനെ തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ പാലിൽ മായം ചേർക്കൽ കുറഞ്ഞതായി കണ്ടെത്തി. കഴിഞ്ഞ 5 ദിവസങ്ങളിലായി 711 വാഹനങ്ങളിലാണ് പരിശോധന നടന്നത്.
653 പാൽ, പാലുല്പന്നങ്ങൾ എന്നിവയുടെ സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്. രാസ പദാർത്ഥങ്ങളുടെ സാന്നിധ്യം പരിശോധനകളിൽ ഒന്നിലും തന്നെ കണ്ടെത്തിയില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ കൃത്യമായ ഇടപെടലിന്റെ ഫലം കൂടിയാണെന്നും മന്ത്രി വ്യക്തമാക്കി. പാറശ്ശാല, കുമളി, ആര്യൻകാവ് , മീനാക്ഷിപുരം, വാളയാർ ചെക്ക്പോസ്റ്റുകളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ നടത്തിയത്.
ഉദ്യോഗസ്ഥരുടെ സേവനം മുഴുവൻ സമയവും ചെക്ക്പോസ്റ്റുകളിൽ ഉണ്ടായിരുന്നു. പരിശോധനക്കായി 646 സർവൈലൻസ് സാമ്പിളുകളും ഏഴ് സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളുമാണ് ശേഖരിച്ചത്. സർവൈലൻസ് സാമ്പിളുകൾ എല്ലാം തന്നെ മൊബൈൽ ലാബുകളിൽ പരിശോധിച്ചു. സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ വകുപ്പിന്റെ എൻ.എ.ബി.എൽ ലാബിൽ വിശദ പരിശോധനക്കായി കൈമാറുകയാണ് ചെയ്തത്. പരിശോധനക്കായി പച്ചക്കറികളുടെ 48 സാമ്പിളുകളും മറ്റ് ഭക്ഷ്യ വസ്തുക്കളുടെ 37 സാമ്പിളുകളും ശേഖരിച്ചു. കൃത്യമായ രേഖകളില്ലാതെയെത്തിയ 33 വാഹനങ്ങൾക്ക് നോട്ടീസ് നൽകി.
പഴം, പച്ചക്കറി, മത്സ്യം , മാംസം, സസ്യ എണ്ണകൾ എന്നീ ചെക്ക് പോസ്റ്റുകൾ വഴി കടന്നുവരുന്നവയുടെ സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചിരുന്നു. തുടർന്നും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുമെന്ന് മന്ത്രി അറിയിച്ചു.






