
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ സി മൊയ്തീന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. തിങ്കളാഴ്ച കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ നിര്‍ദ്ദേശം.
ഇന്ന് ഹാജരാകാനായിരുന്നു ഇ.ഡി. നേരത്തേ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അസൗകര്യം അറിയിച്ചു മൊയ്തീന് മറ്റൊരു ദിവസം ഹാജരാകാമെന്ന് മറുപടി നല്‍കിയിരുന്നു. പെട്ടെന്ന് ലഭിച്ച നോട്ടീസായതിനാല്‍ ഹാജരാകുന്നതിന് അസൗകര്യമുണ്ട് എന്ന് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നിര്‍ദേശം നല്‍കിയത്.
വിശദമായ ചോദ്യം ചെയ്യലിനുവേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ടു 25 നാണു സ്പീഡ് പോസ്റ്റ് വഴി മൊയ്തീന് ഇ.ഡിയുടെ ആദ്യ അറിയിപ്പു ലഭിച്ചത്. ഇതിനു ഇ മെയില്‍ വഴിയാണു മൊയ്തീന് മറുപടി നല്‍കിയത്.
മുന്‍ മാനേജര്‍ ബിജു കരീം, പി.പി. കിരണ്‍, അനില്‍ സേഠ് എന്നിവര്‍ ഇന്നലെ ചോദ്യംചെയ്യലിന് ഇ.ഡിക്കു മുന്നില്‍ ഹാജരായിരുന്നു. ഇവരെ ബിനാമികളാക്കി 150 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് ഇ.ഡി. കണ്ടെത്തിയിരിക്കുന്നത്.
ബിനാമി ഇടപാടുകള്‍ക്കു നേതൃത്വം നല്‍കുന്നത് എ.സി. മൊയ്തീന് അടക്കമുള്ള സി.പി.എം. നേതാക്കളാണെന്ന് ഇ.ഡി. പറയുന്നു. പാവങ്ങളുടെ ഭൂമി ഉള്‍പ്പെടെ അവരറിയാതെ വന്‍തുകയ്ക്കു പണയപ്പെടുത്തിയെന്നാണ് ഇ.ഡി. പറയുന്നത്. ബിജു കരീമാണു പ്രതിപ്പട്ടികയിലുള്ളത്. മറ്റുള്ളവര്‍ അനധികൃതമായി ബാങ്കില്‍നിന്നു ലോണ്‍ തരപ്പെടുത്തിയെന്നു കണ്ടെത്തിയിട്ടുള്ളവരാണെന്നും ഇ.ഡി. പറയുന്നു.






