
ജോഹന്നാസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായ ജോഹന്നാസ്ബര്‍ഗിലെ ഒരു കൂറ്റന്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 64 പേര് മരണമടഞ്ഞതായി റിപ്പോര്‍ട്ട്്. 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു തീപിടുത്തം ഉണ്ടായത്.
ആള്‍ക്കാരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതുവരെ അഗ്നിശമനസേനാ വിഭാഗം 63 മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. ഇനിയും അനേകം പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും പറയുന്നു. മരണപ്പെട്ടവരില്‍ ഒരു കുട്ടിയുമുണ്ട്. തീ കെടുത്താനായെങ്കിലും ജനലിലൂടെയും മറ്റും പുക പുറത്തേക്ക് വരുന്നുണ്ട്.
ഷീറ്റുകളും മറ്റു വസ്തുക്കളും ജനാലയില്‍ തൂങ്ങിക്കിടപ്പുണ്ട്. ആള്ക്കാര് രക്ഷപ്പെടാന്‍ ശ്രമിച്ചതിന്റെ അവശിഷ്ടങ്ങളാണ് ഇതെന്നാണ് കരുതുന്നത്. വീടില്ലാത്ത ആള്‍ക്കാര്‍ക്ക് വേണ്ടിയുള്ള താല്‍ക്കാലിക സംവിധാനമാണ് കെട്ടിടമെന്നാണ് വിവരം. അതുകൊണ്ടു തന്നെ എത്രപേര്‍ കെട്ടിടത്തിലുണ്ടായിരുന്നു എന്ന് വ്യക്തമല്ല.






