
ലോക റെക്കോർഡ് സ്ഥാപിക്കാന്‍ ദമ്പതികള്‍ ആഴക്കടലിൽ നടത്തിയ ഡൈവിംഗിനിടെ ഭാര്യയെ കടലിൽ കാണാതായി. റഷ്യയിലെ പീറ്റേഴ്സ്ബർഗ് സ്വദേശികളായ യൂറി ഒസിപോവും ഭാര്യ ക്രിസ്റ്റീന ഒസിപോവയുമാണ് ലോക റെക്കോർഡ് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ചെങ്കടലിൽ 10 ദിവസത്തെ പര്യവേഷണം ആരംഭിച്ചത്. എന്നാൽ, ഇതിനിടയിൽ അപ്രതീക്ഷിതമായി ക്രിസ്റ്റീനയെ കാണാതാവുകയായിരുന്നു.
ഒസിപോവ് ദമ്പതികൾ മുമ്പും നിരവധി തവണ ആഴക്കടലിൽ ഡൈവിംഗ് നടത്തി ശ്രദ്ധ നേടിയിട്ടുള്ളവരാണ് . എന്നാൽ ഇത്തവണ ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായ ചെറിയൊരു ആത്മവിശ്വാസ കൂടുതലാണ് വലിയ അപകടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. ചെങ്കടലിലെ വെള്ളത്തിനടിയിലുള്ള ഗുഹകളുടെ ആകർഷണീയതയിൽ ആകൃഷ്ടരായ ദമ്പതികൾ തങ്ങളുടെ പ്രത്യേക സുരക്ഷാ ഉപകരണങ്ങൾ ഉപേക്ഷിച്ച് ആഴക്കടൽ ഡൈവിംഗ് നടത്തിയതാണ് ഈ ദുരന്തത്തിന് ഇടയാക്കിയത്. ആഴക്കടലിൽ നിലതെറ്റിപ്പോയ ദമ്പതികളിൽ ഭർത്താവ് മാത്രമാണ് രക്ഷപ്പെട്ടത്. എന്നാല്‍ ഇയാളെ കണ്ടെത്തുമ്പോൾ ഇയാൾ തീർത്തും ബോധരഹിതനായിരുന്നു.
ആഴക്കടലിൽ അകപ്പെട്ടുപോയ ക്രിസ്റ്റീനയെ ഇതുവരെയും തെരച്ചില്‍ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ക്രിസ്റ്റീനയെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ടെങ്കിലും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നവർ ജീവനോടെ കണ്ടെത്താനുള്ള സാധ്യതകൾ ഇനി കുറവാണെന്ന് അഭിപ്രായപ്പെടൃന്നു . 400 അടി താഴ്ചയിലേക്ക് മുങ്ങാൻ ശ്രമിച്ചതിനാലാകും ദമ്പതികൾക്ക് ബോധം നഷ്ടപ്പെടാന്‍ കാരണമെന്ന് റഷ്യൻ കോൺസുലേറ്റ് ജനറൽ അലക്സി സിലേവ് അഭിപ്രായപ്പെട്ടു.






