
മുള്ളറ്റ് ഹെയര്‍സ്റ്റൈലില്‍ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിയ്ക്കുകയാണ് അമേരിക്കന്‍ വനിത. 58-വയസുകാരിയായ ടാമി മാനിസാണ് ഏറ്റവും നീളമുള്ള മുള്ളറ്റ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്. ടാമിയുടെ മുടിയുടെ നീളം 172.72 സെന്റിമീറ്ററാണ്. തലമുടിയുടെ മുന്‍ഭാഗവും ഇരു വശങ്ങളും തീരെചെറുതായി വെട്ടിയൊതുക്കുകയും പുറകിലേക്കു മാത്രം നീട്ടി വളര്‍ത്തുകയും ചെയ്യുന്ന രീതിയാണ് മുള്ളറ്റ് ഹെയര്‍സ്റ്റൈല്‍.
1980ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ റോക്ക് ബാന്‍ഡിന്റെ പാട്ട് കണ്ടാണ് ടാമി മുള്ളറ്റ് ഹെയര്‍സ്റ്റൈല്‍ പരീക്ഷിക്കാന്‍ തയാറായത്. അതിനു ശേഷം നീണ്ട 33 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ടാമി മുടി വെട്ടിയില്ല. ആദ്യമായി ഈ ഹെയര്‍സ്റ്റൈല്‍ പരീക്ഷിക്കാന്‍ പോയ സമയത്ത് ഇത് എനിക്കു ചേരാത്ത സ്റ്റൈല്‍ ആണെന്നും മറ്റൊന്നു പരീക്ഷിക്കാനുമാണ് പറഞ്ഞത്. പക്ഷേ എനിക്ക് ഇതായിരുന്നു വേണ്ടത്. ആ തീരുമാനം തെറ്റിയില്ലെന്നു ടാമി പറയുന്നു.
നീളന്‍ മുടിയെ സംരക്ഷിക്കുന്നത് ബുദ്ധിമുട്ടാണ്, നന്നായി കെട്ടി വയ്ക്കണം, ആഴ്ചയിലൊരിക്കല്‍ ഷാംപുവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകണം. ഇതുമാത്രമല്ല, ബൈക്ക് യാത്രകളില്‍ മുടിയുടെ അറ്റം പാന്റിന്റെ ബെല്റ്റിനോടൊപ്പം ചേര്‍ത്തുവച്ചാണ് ടാമി സഞ്ചരിക്കാറുള്ളത്. 20 വര്‍ഷങ്ങള്‍ക്കു മുന്പുള്ളവരും ഈ ഹെയര്സ്റ്റൈല്കൊണ്ട് എന്നെ തിരിച്ചറിയുന്നുണ്ട്. ഇന്ന് വേള്‍ഡ് റെക്കോര്‍ഡുമായി നില്ക്കുമ്പോള് സന്തോഷമുണ്ടെന്നാണ് ടാമി പറയുന്നത്.






