
ഒരു കൊച്ചു പെൺകുട്ടിയുടെ യാചകനോടുള്ള ദയാപൂർവ്വമായ ഇടപെടലാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏവരുടെയും ഹൃദയം കവരുന്നത്. സ്കൂളിലേക്കുള്ള തന്റെ ഉച്ചഭക്ഷണ പൊതിയിൽ നിന്ന് പാതി ഒരു യാചകന് പകുത്തു നൽകുന്ന കൊച്ചു വിദ്യാർത്ഥിനിയാണ് വീഡിയോയിൽ ഉള്ളത്.
ഈ വീഡിയോ ക്യൂൻ ഓഫ് വാലി എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടി അറിയാതെ തന്നെ വഴിയാത്രക്കാരിൽ ആരോ ചിത്രീകരിച്ചതാകാം ഈ ദൃശ്യങ്ങൾ. വീഡിയോയുടെ ആദ്യഭാഗത്ത് വഴിയരികിൽ നിൽക്കുന്ന അന്ധനായ ഒരു യാചകന് ഒരു സ്കൂൾ വിദ്യാർത്ഥിനി തന്റെ ബാഗ് തുറന്ന് പണം നൽകുന്നതാണ് കാണുന്നത്.
തുടർന്ന് അവൾ തന്റെ ടിഫിൻ ബോക്സ് തുറന്ന് അതിൽ നിന്നും ഒരു പൊതി ഭക്ഷണം എടുത്ത് യാചകന് നൽകുന്നു. അദ്ദേഹത്തിന് അത് തുറന്നു കഴിക്കാൻ സാധിക്കുന്നില്ല എന്ന് മനസ്സിലായപ്പോൾ അവൾ പൊതിയഴിച്ച് കഴിക്കാൻ പറ്റുന്ന രീതിയിൽ യാചകന് നൽകുന്നു. ഈ സമയത്ത് വഴിയരികിൽ നിൽക്കുന്ന ഒരു സ്ത്രീ വിദ്യാർത്ഥിനിയുടെ പ്രവർത്തികൾ കണ്ട് അവൾക്ക് അരികിൽ എത്തി സംസാരിക്കുന്നതും കാണാം. തുടർന്ന് യാചകൻ ഭക്ഷണം കഴിച്ചു കഴിയുന്നത് വരെ അദ്ദേഹത്തിന് അരികിൽ നിന്ന് ഒടുവിൽ കുടിക്കാനുള്ള വെള്ളവും അവൾ നൽകുന്നു. പിന്നീട് യാചകനോട് യാത്ര പറഞ്ഞു പോകുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്.






