
വാഗമണ്‍ കോലാഹലമേട്ടിലെ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. ചില്ലുപാലം സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 40 മീറ്ററാണ് ചില്ലുപാലത്തിന്റെ നീളം. ഡിടിപിസി നേതൃത്വത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നിര്‍മിച്ച ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
പാലത്തില്‍ ഒരേ സമയം 15 പേര്‍ക്ക് കയറാന്‍ സാധിക്കും. അഞ്ചുമുതല്‍ പരമാവധി 10 മിനിറ്റുവരെയാണ് പ്രവേശന സമയം ലഭിക്കുക. 500 രൂപയാണ് ഫീസ്. പാര്‍ക്കില്‍ ആകാശ ഊഞ്ഞാല്, സ്കൈ റോളര്‍, സ്കൈ സൈക്ലിങ്, ഫ്രീഫാള്‍, ജൈന്റ് സ്വിങ്, റോക്കറ്റ് ഇജക്ടര്‍, സിപ് ലൈന്‍ തുടങ്ങിയവയും ഉണ്ട്.
ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത്മാതാ വെഞ്ചേഴ്സും ചേര്‍ന്നാണ് ചില്ലുപാലം നിര്‍മിച്ചത്. 120 അടി നീളമുള്ള പാലത്തിന് മൂന്നുകോടി രൂപയാണ് ചെലവ്. നിര്‍മാണത്തിനാവശ്യമായ ജര്‍മനിയില്‍ നിന്നാണ് ഗ്ലാസ് എത്തിച്ചത്.






