
താന്‍ ഫഹദ് ഫാസിലിന്റെ വലിയ ആരാധകനാണെന്ന് നടന് ആയുഷ്മാന്‍ ഖുറാന. തന്റെ ഏറ്റവും പുതിയ ചിത്രമായ ഡ്രീം ഗേള്‍ 2ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലാണ് നടന് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ മലയാള സിനിമയില്‍ അഭിനയിക്കാനുള്ള താല്പര്യത്തെ കുറിച്ചും താരം വ്യക്തമാക്കി.
തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട്. പ്രത്യേകിച്ച് മലയാള സിനിമയില്‍. ഞാന്‍ ഫഹദ് ഫാസിലിന്റെ വലിയ ആരാധകനാണ്. നല്ല അവസരം ലഭിച്ചാല്‍ അദ്ദേഹത്തിനൊപ്പം തീര്‍ച്ചയായും അഭിനയിക്കും. കാരണം അദ്ദേഹത്തിന്റെ സിനിമകളെല്ലാം എന്റെ ഹൃദയത്തില്‍ ഇടംപിടിക്കുന്നു. ഫഹദിന്റെ കുമ്പളങ്ങി നൈറ്റ്സ് പോലെയുള്ള ചിത്രങ്ങള്‍ വലിയ ഇഷ്ടമാണ്. സിനിമയുടെ സൗണ്ട് ട്രാക്ക് എനിക്കിഷ്ടമാണ്. മലയാള സിനിമ വളരെ ലളിതമാണ് നമുക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്നതുമാണ്. അതെന്നും വേരുറച്ച് നില്ക്കും- ആയുഷ്മാന്‍ ഖുറാന പറഞ്ഞു.
2019ല്‍ പുറത്തിറങ്ങിയ ഡ്രീം ഗേള്‍ എന്ന സിനിമയുടെ രണ്ടാംഭാഗമാണിത്. രാജ് ശാന്ദില്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനന്യ പാണ്ഡെയാണ് നായിക. പരേഷ് റാവല്‍, അന്നു കപൂര്‍, രാജ്പാല് യാദവ്, വിജയ് റാസ് എന്നിവരാണ് ചിത്രത്തില്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ സ്ത്രീ ഗെറ്റപ്പില്‍ ആയുഷ്മാന്‍ എത്തുന്നുണ്ട്. ഏക്ത കപൂര്‍-ശോഭ കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡ്രീം ഗേള്‍2 നിര്‍മിച്ചിരിക്കുന്നത്.






