കോട്ടയം: തൃക്കാക്കരയില്‍ ലഭിച്ച ഷോക് ട്രീറ്റ്മെന്റിലും പഠിക്കാത്ത സര്‍ക്കാരിന് കനത്ത പ്രഹരം നല്കി പുതുപ്പള്ളി. ഉമ്മന്‍ ചാണ്ടിയോടുള്ള സഹതാപ തരംഗത്തെ വികസനം പറഞ്ഞ് മറികടക്കാമെന്ന സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും കണക്കൂകൂട്ടലുകള്‍ ഭരണവിരുദ്ധ വികാരം ഉയര്‍ത്തി എല്ലാ കണക്കുകൂട്ടലുകളും തകര്‍ത്തു. ഇടതുമുന്നണി സര്‍ക്കാരിന്റെ ആണിക്കല്ല ഇളക്കുമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണവും ഭൂരിപക്ഷം കണ്ട് സിപിഎം ഞെട്ടി ബോധംകെടും എന്ന എ.കെ ആന്റണിയുടെ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്നതായിരുന്നു ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം. സഹതാപ തരംഗമല്ല, അഭിമാന തരംഗമാണ് പുതുപ്പള്ളിയില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന ചാണ്ടി ഉമ്മന്റെ പ്രസ്താവനയും ശരിവയ്ക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
മാസപ്പടിയും, വിലക്കയറ്റവും ഓണക്കാലത്ത് പോലും അവശ്യസാധനങ്ങള്‍ക്ക് സപ്ലൈകോയില്‍ നേരിട്ട ക്ഷാമവും കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയും മുതല്‍ ഉമ്മന്‍ ചാണ്ടിയൂടെ ചികിത്സാ വിവാദവും കുടുംബത്തിനു നേര്‍ക്കുണ്ടായ സൈബര്‍ ആക്രമണവും മൃഗാശുപത്രിയില്‍ പകരക്കാരിയായി ജോലി ചെയ്ത സതിയമ്മ എന്ന സ്ത്രീയുടെ ജോലി കളഞ്ഞതും അവര്‍ക്കെതിരെ കേസെടുത്തതുമെല്ലാം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്ന് വേണം കരുതാന്‍.
സിപിഎം ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ വേട്ടയാടാന്‍ ഉപയോഗിച്ച ഓരോ ആയുധവും സിപിഎമ്മിന് തന്നെ തിരിച്ചടി നല്‍കുകയായിരുന്നു. സിപിഎമ്മിന്റെ സൈബര്‍ സംഘങ്ങള്‍ പ്രചാരണത്തിന്റെ അവസാന നാളുകളില്‍ അച്ചു ഉമ്മനെതിരെ ഉയര്‍ത്തിയ ആക്ഷേപം വരെ വോട്ടില്‍ പ്രതിഫലിച്ചുവെന്ന് കരുതാം.
നേതാക്കളുടെ ധാര്‍ഷ്ട്യവും ഭരണവിരുദ്ധ വികാരത്തിന് ആക്കം കൂട്ടി. മുഖ്യമന്ത്രി അടക്കമുള്ളവര്‍ മണ്ഡലത്തിലിറങ്ങി പ്രചാരണം നടത്തിയിട്ടും പരസ്യമായ കുടുംബയോഗങ്ങളും രഹസ്യമായി സഭാനുകൂലികളുടെ യോഗവും വിളിച്ചിട്ടും ഒരു ചലനവും സൃഷ്ടിക്കാന്‍ എല്‍ഡിഎഫിനായില്ല. ഭരണത്തിന്റെ എല്ലാ ശക്തിയും ഉപയോഗിച്ചിട്ടും പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല.
എല്‍ഡിഎഫിന്റെ തോല്‍വിയില്‍ പിണറായി വിജയന് മാത്രമല്ല, എം.വി ഗോവിന്ദനും എ.കെ ബാലനും അഡ്വ.അനില്‍കുമാറിനും വരെ വ്യക്തമായ പങ്കുകളുണ്ട്. നേതൃത്വം വിലക്കിയിട്ടും വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് കടക്കാന്‍ നേതാക്കള്‍ കാണിച്ച വ്യഗ്രത ജനം തള്ളിക്കളഞ്ഞുവെന്നതാണ് ഇടതുകോട്ടയായ വാര്‍ഡുകളില്‍ പോലും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കാണിക്കുന്നത്.
വി.എന്‍ വാസവന്റെ ബൂത്തില്‍ 200 ലേറെ വോട്ടിന്റെ ലീഡ് ചാണ്ടി ഉമ്മന്‍ നേടിയതും ജെയ്കിന്റെ സ്വന്തം ബൂത്തായ മണര്‍കാട് 72ാം നമ്പര്‍ ബൂത്തിലും യുഡിഎഫ് മുന്നിലെത്തിയതും നേതാക്കള്‍ക്കുള്ള തിരിച്ചടി തന്നെയാണ്.
പുതുപ്പള്ളിയില്‍ വികസനമില്ല, നല്ല റോഡില്ല, കുടിവെള്ളമില്ല, നല്ല ആശുപത്രിയില്ല, സ്കൂളില്ല തുടങ്ങി വികസന മുരടിപ്പിന്റെ ഒരു വലിയ പട്ടികയുമായാണ് എല്‍ഡിഎഫ് ജനങ്ങളെ സമീപിച്ചതെങ്കിലും അതില്‍ വീഴാതെ വ്യക്തമായ രാഷ്ട്രീയ മറുപടി തന്നെ നല്കാന് വോട്ടര്‍മാര്‍ക്ക് കഴിഞ്ഞു.
വോട്ടെണ്ണല്‍ അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ ചാണ്ടി ഉമ്മന്‍ 78,098 വോട്ടും ജെയ്ക് സി തോമസ് 41,644 വോട്ടും ലിജിന്‍ ലാല്‍ 6447 വോട്ടും നേടി. 2021ല്‍ ഉമ്മന്‍ ചാണ്ടി 63,372 വോട്ടും ജെയ്ക് 54,328 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി 11,698 വോട്ടുമാണ് നേടിയിരുന്നത്. യുഡിഎഫിന് 14,726 വോട്ട് കൂടുതല്‍ നേടിയപ്പോള്‍ സിപിഎമ്മിന് 12,684 വോട്ടുകള്‍ കുറഞ്ഞു. ബിജെപിക്ക് 5247 വോട്ടുകള്‍ കുറവുണ്ടായി. ആകെ പോള്‍ ചെയ്തതില്‍ യുഡിഎഫ് 59.6% വോട്ടും എല്‍ഡിഎഫ് 31.78% എന്‍ഡിഎ 4.92% വോട്ടും മറ്റുള്ളവര്‍ 3.70% വോട്ടും നേടി.
ചാണ്ടി ഉമ്മന്‍ വിജയിച്ചാല്‍ ബിജെപിയുടെ വോട്ട് ചോര്‍ച്ചയാണെന്ന് ഇന്നലെ വരെ പറഞ്ഞവര്‍, സ്വന്തം പാളയത്തില്‍ നിന്ന് കാണാതായ 12,000ല്‍ പരം വോട്ടിന് എന്ത് മറുപടി പറയുമെന്നാണ് അറിയേണ്ടത്.






