ചെന്നൈ: ചലച്ചിത്രനിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന് തട്ടിപ്പുകേസില്‍ അറസ്റ്റില്‍. 16 കോടി രൂപ ഒരു വ്യവസായിയില്‍ നിന്ന് തട്ടിയെടുത്ത കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് രവീന്ദറിനെ അറസ്റ്റ് ചെയ്തത്. ലിബ്ര പ്രൊഡക്ഷന്‍സ് എന്ന ചലച്ചിത്ര നിര്‍മാണക്കമ്പനിയുടെ ബാനറില്‍ ചിത്രങ്ങള്‍ നിര്‍മിച്ചയാളാണ് രവീന്ദര്‍ ചന്ദ്രശേഖരന്. രവീന്ദറിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത് ചെന്നൈ സ്വദേശിയായ ബാലാജിയുടെ പരാതിയിലാണ്. പരാതിക്കിടയായ സംഭവം 2020ലായിരുന്നു നടന്നത്.
മുനിസിപ്പല്‍ ഖരമാലിന്യം ഊര്‍ജമാക്കി മാറ്റുന്ന പവര്‍ പ്രോജക്ടുമായി ബന്ധപ്പെട്ടാണ് ഇരുവരും സാമ്പത്തികമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് 2020 സെപ്റ്റംബര്‍ 17-ന് ഇരുകക്ഷികളും നിക്ഷേപ കരാറില്‍ ഏര്‍പ്പെടുകയും 15,83,20,000/ രൂപ നല്‍കുകയും ചെയ്തു. തുക കൈപ്പറ്റിയ ശേഷം രവീന്ദര്‍ ബിസിനസ്സ് ആരംഭിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ല എന്നതാണ് പരാതിക്കടിസ്ഥാനം. അതിലാണ് ഇപ്പോള്‍ രവീന്ദറിനെ അറസ്റ്റ് ചെയ്ത് അന്വേണം ആരംഭിച്ചിരിക്കുന്നത്.
പോലീസ് അന്വേഷണത്തില്‍ ബാലാജിയില്‍ നിന്ന് നിക്ഷേപം നേടിയെടുക്കാന്‍ രവിന്ദര്‍ വ്യാജരേഖ കാണിച്ചതായി വ്യക്തമായിട്ടുണ്ട്.
കമ്മീഷണര്‍ സന്ദീപ് റായ് റാത്തോഡിന്റെ നിര്‍ദേശപ്രകാരം പോലീസ് ഒളിവില്‍പ്പോയ പ്രതിയെ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇയാളെ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. രവീന്ദര്‍ വിവാദത്തില്‍ അകപ്പെടുന്നത് ഇതാദ്യമായല്ല.
സുട്ട കഥൈ, നളനും നന്ദിനിയും, നട്പ്ന്നാ എന്നാന്ന് തെരിയുമാ, മുരുങ്ങക്കായ് ചിപ്സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് രവീന്ദര്‍ ചന്ദ്രശേഖരന്. ടെലിവിഷന്‍ താരവും അവതാരകയുമായ മഹാലക്ഷമിയുമായുള്ള അദ്ദേഹത്തിന്റെ വിവാഹവും ഏറെ ചര്്ച്ചയായിരുന്നു.






