
പുതുപ്പള്ളിക്കാര്‍ നീണ്ട 53 വര്‍ഷത്തിനുശേഷം അവരുടെ ജനനായകന്റെ പേരു തിരിച്ചിട്ടു. ഉമ്മന്‍ ചാണ്ടി, ചാണ്ടി ഉമ്മനായി. ഒറ്റവാക്കില്‍ പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിനെ ഇങ്ങനെ വിശേഷിപ്പിക്കാം. പുതുപ്പള്ളിയിലെ രാഷ്ട്രീയ പോരാട്ടം അവസാനിച്ചിരിക്കുന്നു. ജെയ്ക്കിന്റെ തോല്‍വിയോ ചാണ്ടി ഉമ്മന്റെ വിജയമോ അല്ല, പകരം ഉമ്മന്‍ ചാണ്ടി എന്ന നേതാവാണ് 13-ാമതും പുതുപ്പള്ളിയില്‍ ജയിച്ചത്.
ജനത്തിന്റെ മനസറിഞ്ഞ് പ്രവര്‍ത്തിക്കുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടു. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ ജനത്തിന്റെ മുന്നിലേക്കാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. ഓണക്കാലം ആയിട്ടുകൂടി സെപ്ലെകോയില്‍ ഒന്നുമില്ലായിരുന്നു. കിറ്റും ഇത്തവണ എല്ലാവര്ക്കും കിട്ടിയില്ല. വിലക്കയറ്റം തടയാന്‍ ശ്രമമുണ്ടായിരുന്നെങ്കില്‍ തോല്‍വിയുടെ കാഠിന്യം കുറയ്ക്കാമായിരുന്നു.പുതുപ്പള്ളിയില്‍ 53 വര്‍ഷം ജയിച്ചത് കോണ്‍ഗ്രസ് അല്ല, മറിച്ച് ഉമ്മന്‍ചാണ്ടി എന്ന വ്യക്തിയാണ്. പുതുപ്പള്ളിയെ ഉമ്മന്‍ചാണ്ടിക്ക് അറിയുന്നത്പോലെ മറ്റാര്‍ക്കും അറിയില്ല.
അതുപോലെ കേരള രാഷ്ട്രീയത്തേയും. ഇന്ത്യന്‍ രാഷ്ട്രീയത്തിലെതന്നെ ഒരുകാലത്തെ ചാണക്യനായിരുന്ന ലീഡര്‍ കെ. കരുണാകരനെ അധികാരത്തില്‍നിന്ന് താഴെ ഇറക്കാനുള്ള കഴിവ് ഉമ്മന്ചാണ്ടിക്കുണ്ടായിട്ടുണ്ടെങ്കില് അത് കേരള രാഷ്ട്രീയത്തിലെ സകല പൂഴിക്കടകനും പഠിച്ച് പയറ്റിതെളിച്ച് എടുത്തതാണ്. ആ രാഷ്ട്രീയവന്മരത്തിന്റെ പിന്‍ബലത്തില്‍ മാത്രമാണ് ചാണ്ടിയുടെ ഈ വിജയം. അത് സ്വന്തം വിജയമാക്കി മാറ്റാന്‍ ഏറെ വിയര്‍പ്പ് ഒഴുക്കണം.
മിത്തിലുമുണ്ട് സത്യം
മിത്തിലും കുറച്ച് സത്യമുണ്ടെന്ന് പെട്ടി പൊട്ടിച്ചപ്പോള്‍ സി.പി.എമ്മിന് മനസിലായിക്കാണണം. എട്ടുനിലയില്‍ പൊട്ടയതില് മിത്തും ഒരു കാരണമാണ്. വിഘ്ന്വേശരന്റെ വിഘ്നം ഏറ്റുവാങ്ങിയത് പാവം ജെയ്ക്കായി എന്നുമാത്രം. പക്ഷേ എന്‍.എസ്.എസ്. നടത്തിയ ഗണപതിഹോമത്തിന്റെ ഫലം സമരത്തിന്റെ മുന്‍പന്തിയില്‍ ഉണ്ടായിട്ടും സുരേന്ദ്രന്റെ പാര്‍ട്ടിക്ക് കിട്ടിയില്ല എന്നുമാത്രമല്ല ഉണ്ടായിരുന്ന വോട്ടും പോയിക്കിട്ടി. ശബരിമലപോലെ മിത്തിലും മണ്ണും ചാരിനിന്ന കോണ്‍ഗ്രസ് നേട്ടം കൊയ്തു.
* തോല്‍വിയുടെ ഉത്തരവാദിത്വം ആര്‍ക്ക്
പുതുപ്പള്ളിയുടെ തോല്‍വിയുടെ ഉത്തരവാദിത്വം സി.പി.എം. ആര്‍ക്കെങ്കിലും കൊടുക്കുന്നുണ്ടെങ്കില്‍ അത് പിണറായി വിജയനാകണം. പക്ഷേ അത് പറയാന്‍ ഇന്ന് സി.പി.എമ്മില്‍ ആര്‍ക്കും െധെര്യമില്ല. മത്സരത്തില്‍ 'ക്യാപ്റ്റന്‍' പ്രത്യേകിച്ച് റോള്‍ ഇല്ലായിരുന്നു. മത്സരം നേരത്തെ നടന്നതു മുതല്‍ ''ഭാഗ്യം'' എതിര്‍പക്ഷത്തായി. ടോസ് കിട്ടിയ എതിര്‍പക്ഷം ഗെയിം പ്ലാനിങ് ആരംഭിച്ചു. പിച്ചും െമെതാനവും ഗാലറിയും കമന്ററിയും അവര്‍ക്ക് അനൂകുലമായിരുന്നു. ഇതെല്ലാം തിരിച്ചറിഞ്ഞ് മറു ഗെയിം ഒരുക്കുന്നതില്‍ ക്യാപ്റ്റന്‍ പരാജയപ്പെട്ടു.
മാസപ്പടി വിവാദത്തിന്റെ ഭാരവുമേറിയാണ് ക്യാപ്റ്റന്‍ നിന്നത്. െസെന്യാധിപന് പരാജയപ്പെട്ടാല്‍ പട എത്ര ശക്തമാണെങ്കിലും പരാജയപ്പെടുമെന്ന സാമാന്യ സത്യം സി.പി.എം. മറന്നുപോയി. മറുഭാഗം ഇറക്കിയത് എണ്ണം പറഞ്ഞ യുവ കളിക്കാരെയായിരുന്നു. രാഹുല്‍ മാങ്കൂട്ടവും ടി. സിദ്ദിഖും, ശബരീനാഥും ബലറാമും ഷാഫി പറമ്പിലും മാത്യു കുഴല്‍നാടനും വിശ്വ പൗരന് ശശി തരൂരും തീര്‍ത്ത 'കളി'കള്‍ക്ക് മറുപടി സി.പി.എമ്മിന് ഇല്ലായിരുന്നു. മന്ത്രി വാസവന് ഒറ്റയ്ക്ക് പൊരുതിയെങ്കിലും കപ്പല്‍ തീരത്തോട് അടുപ്പിക്കാന്‍ അത് മതിയാകുമായിരുന്നില്ല.
തുടക്കത്തില്‍തന്നെ കപ്പല്‍ ആടിയുലഞ്ഞിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മാത്യു കുഴല്നാടന് എറിഞ്ഞ മാസപ്പടി 'ഗൂി'യില്‍ ക്യാപ്റ്റന്റെ വിക്കറ്റ് വീണിരുന്നു. പേസുമായി എ.സി. മൊയ്തീനെ കാത്ത് ഇ.ഡി. നിലയുറപ്പിച്ചതോടെ ബാറ്റിങ്ങിന് ഇറങ്ങിയില്ല മൊയ്തീന്. അല്ലെങ്കില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒരു വിക്കറ്റ് വീണുപോയേനെ.
* 'കൈ' കൊടുക്കേണ്ടത് ജെയ്ക്കിന്
ഈ തെരഞ്ഞെടുപ്പില്‍ 'കൈ' കൊടുക്കേണ്ടത് ജെയ്ക്കിനാണ്. തോല്‍ക്കുമെന്ന് നൂറുശതമാനം ഉറപ്പായ അതും വന്‍ ഭൂരിപക്ഷത്തില്‍ ഒരു സീറ്റില്‍ മത്സരിക്കാന്‍ കാട്ടിയ രാഷ്ട്രീയ ധൈര്യത്തിന്. തോറ്റാല്‍ അത് മൂന്നാമത്തെ തോല്‍വിയാകുമെന്ന് മറ്റാരേക്കാളും ജെയ്ക്കിനറിയാം.






