
കേന്ദ്രാപാഡ: പടിയടച്ചു പിണ്ഡം വെയ്ക്കുക എന്ന് കേട്ടിട്ടുണ്ടോ? ജീവിച്ചിരിക്കുന്ന മകളെ മരിച്ചതായി സങ്കല്‍പ്പിച്ച് അവളുടെ പ്രതീകാത്മക സംസ്ക്കാരവും മരണാനന്തര പൂജകളും കുടുംബം നടത്തി. ബംഗാളിലെ കേന്ദ്രാപാഡ ജില്ലയില്‍ നടന്ന സംഭവത്തില്‍ തങ്ങളുടെ ഇഷ്ടമില്ലാതെ മറ്റൊരാളെ വിവാഹം കഴിച്ച മകളുടെ മരണാനന്തര ചടങ്ങാണ് കുടുംബം നടത്തിയത്. 20 കാരിയായ മകള്‍ മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഗ്രാമത്തിലെ തന്നെ മറ്റൊരു യുവാവിനെ വിവാഹം കഴിക്കുകയായിരുന്നു.
ഔള്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ദെമാലില് മുന്നാമാലിക്ക് എന്നയാളുടെ മകള്‍ ദീപാഞ്ജലി മാലിക്കാണ് ഇഷ്ടത്തിന് വിരുദ്ധമായി രാജേന്ദ്രമാലിക്ക് എന്ന 23 കാരനെ വിവാഹം കഴിച്ചത്. ഓഗസ്റ്റ് 28 ന് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. പെണ്‍കുട്ടി രാജേന്ദ്രയ്ക്കൊപ്പം ഒളിച്ചോടിയതിന് പിന്നാലെ മാതാപിതാക്കള്‍ ഔള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ വിവാഹിതരായെന്നും തൊട്ടടുത്ത ഗ്രാമത്തിലുണ്ടെന്നും വിവരം കിട്ടുകയായിരുന്നു.
തുടര്‍ന്നാണ് തങ്ങള്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയതെന്ന് മുന്നാ മാലിക് പോലീസിനോട് പറഞ്ഞു. അതേസമയം താന്‍ പ്രായപൂര്‍ത്തിയായെന്നും സ്വന്തം ഭര്‍ത്താവിനെ തീരുമാനിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നുമാണ് ദീപാഞ്ജലി പറയുന്നത്. താന്‍ രാജേന്ദ്രയെ വിവാഹം കഴിക്കാനാണ് ആഗ്രഹിച്ചതെന്നും എന്നാല്‍ മാതാപിതാക്കള്‍ മറ്റൊരാളുമായി തന്റെ വിവാഹം തീരുമാനിക്കുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു. അതേസമയം മറുവശത്ത് രാജേന്ദ്രയുടെ മാതാപിതാക്കള്‍ തങ്ങളുടെ പുതിയ മരുമകള ഹൃദയപൂര്‍വ്വമാണ് സ്വീകരിച്ചത്.
മകന് ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിച്ചെന്നും ഇരുവരും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാജേന്ദ്രയുടെ പിതാവ് പറഞ്ഞു. പ്രശ്നത്തില്‍ മനുഷ്യാവകാശ വിഭാഗവും ഇടപെട്ടിരിക്കുകയാണ്. പെണ്‍കുട്ടിക്ക് ഇഷ്പ്പെട്ട ആളെ വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്നും അതിന് പെണ്‍കുട്ടിയുടെ അന്ത്യകര്‍മ്മം നടത്താന്‍ കുടുംബത്തിന് അവകാശമില്ലെന്നും കേന്ദ്രപാഡയിലെ മനുഷ്യാവകാശ പ്രവര്‍ത്തക അമര്ബര ബിസ്വാള്‍ പറഞ്ഞു.






