
മദ്യപാനിയായ വാപ്പച്ചി, രോഗിയായ ഉമ്മ. ഇരുവരും വേര്‍പിരിഞ്ഞതു കൊണ്ട് വാടകവീട്ടിലെ താമസം, എല്ലാം കൊണ്ടും തകര്‍ന്നു പോയ ഒരു ബാല്യമായിരുന്നു ഹനാന്റേത്. ഇതിനിടെ ജീവിതത്തിലെ പ്രതിസന്ധികളോട് ഒറ്റയാള്‍ പോരാട്ടം നടത്തിയ ഹനാന് ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സ്കൂൾ യൂണിഫോമിൽ മീൻ വിറ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായ ഹനാനെ അറിയാത്ത മലയാളികളുണ്ടാകില്ല. പിന്നീട് മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലും ഹനാൻ സാന്നിദ്ധ്യം അറിയിച്ചു. ഇടയ്ക്ക് വലിയ സൈബര്‍ ആക്രമണവും ഹനാൻ നേരിട്ടിരുന്നു. ‘സര്‍ക്കാരിന്റെ ദത്തുപുത്രി’ എന്നതടക്കമുള്ള പരിഹാസമാണ് ഹനാൻ നേരിട്ടത്. ഇപ്പോഴിതാ എല്ലാ പരിഹാസങ്ങള്‍ക്കും ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് ഹനാന്. തന്റെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടമായ മുഖ്യമന്ത്രി ഒരു അവാര്‍ഡ് തന്നു എന്നല്ലാതെ മറ്റൊരു ജീവിത ചിലവും ഞാൻ സര്‍ക്കാരില്‍ നിന്ന് സ്വീകരിച്ചിട്ടില്ലെന്നും ഹനാന് സോഷ്യല്‍ മീഡിയയിലൂടെ കുറിക്കുന്നു. ‘‘നീ ചിരിക്കരുത് നിന്റെ ചിരി ഭംഗി ഇല്ല എന്ന് പറയുന്നു ഒരു വിഭാഗം.എങ്ങെനെ എങ്കിലും പച്ച പിടിച്ചു മുന്നോട്ടു പോകാൻ ശ്രമിക്കുമ്പോൾ നിനക്കു ചേരുന്നത് പഴയ ജോലിയാണ്. വന്ന വഴി ഒന്നു തിരിഞ്ഞ് നടക്കുന്നത് നല്ലതാണ് എന്ന് ഉപദേശിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു വിഭാഗം. മരമോന്തയാണ് നിന്നെ ആർക്കും കണ്ടൂടാ, നിന്റെ ശബ്ദം അലോസരം ഇങ്ങനെ എത്ര മാത്രം കുത്ത് വാക്കുകൾ സഹിക്കേണ്ടി വരുന്നു ഞാൻ ഇപ്പോഴും.
ഒന്ന് മനസ്സ് തുറന്നു ചിരിക്കാൻ ഉള്ള എൻ്റെ അവകാശത്തെ പോലും നിഷേധിക്കുന്നു. ആർക്കും ഉപദ്രവം ഇല്ലാതെ സന്തോഷം ആയി ജീവിതം മുന്നോട്ട് പോകുന്നു. എന്റെ പ്രവർത്തനങ്ങൾ ഇഷ്ടം ആയി മുഖ്യ മന്ത്രി ഒരു അവാർഡ് തന്നു എന്നല്ലാതെ മറ്റൊരു ജീവിത ചിലവും ഞാൻ സർക്കാരിൽ നിന്ന് സ്വീകരിച്ചിട്ടില്ല. ഇപ്പോഴും വാടക വീട്ടിൽ ആണ്. സഹായം തരാം എന്ന് പറഞ്ഞ വീട് പോലും ഞാൻ വാങ്ങിയിട്ടില്ല. സർക്കാര്‍ ചിലവിൽ ദത്ത് പുത്രി സുഖിക്കുന്ന് എന്ന് വിലയിരുത്തുന്നതിനും മുമ്പ് ദയവ് ചെയ്തു അതിന്റെ സത്യാവസ്ഥ ഒരു വിവരാവകാശം എഴുതി ചൊതിക്കൂ എല്ലാവരും.
വ്ലോഗ് ചെയ്തും നിരവധി കമ്പനികൾക്ക് പരസ്യങ്ങൾ ചെയ്തും ട്രേഡിംഗ് വഴിയും കിട്ടുന്ന വരുമാനത്തിൽ സ്വന്തം കാലിൽ നിന്ന് അന്തസായി തന്നെയാണ് ഞാൻ ജീവിക്കുന്നത്. ആരോടും കൈ നീട്ടി അല്ല.അഥവാ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ തന്നെ നോക്കാൻ വീട്ടിൽ ഒരു അനിയൻ കുട്ടൻ ഉണ്ട്. ചില സുഹൃത്തുക്കളും ഉണ്ട്. എന്നെ ഇങ്ങനെ ഇട്ട് ചൂഷണം ചെയ്യരുത്. സഹിക്കുന്നതിന് ഒരു പരിധി ഉണ്ട്. അഞ്ച് വർഷം മുമ്പ് കഷ്ടപ്പെട്ട കാലത്ത് പിടിച്ചു നിൽക്കാൻ മീൻ വിറ്റു ഉപജീവനം കണ്ടെത്തി എന്ന് കരുതി പഴയതിലും മെച്ചപ്പെട്ട ജോലിയും നല്ല ജീവിത സാഹചര്യവും കണ്ടെത്തിയതിൽ എന്തെങ്കിലും തെറ്റുണ്ടോ???????...’’ ഹനാന് കുറിക്കുന്നു.






