
പ്രശസ്ത ബംഗാളി നടി ശ്രീലേഖ മിത്ര തട്ടിപ്പിന് ഇരയായെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു ഓൺലൈൻ വൈദ്യുതി ബിൽ തട്ടിപ്പിനാണ് ഇവർ ഇരയായത്. ആഗസ്റ്റ് 29 നാണ് സംഭവം നടന്നത്. സൈബർ കുറ്റവാളികൾ ഇവരിൽ നിന്നും ഒരു ലക്ഷം രൂപയോളമാണ് തട്ടിയെടുത്തത്.
താരം അടുത്തിടെ ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനുഭവം പങ്കുവെച്ചത്. അപരിചിതമായ ഒരു നമ്പറിൽ നിന്നും ശ്രീലേഖയ്ക്ക് വന്ന ഒരു ഫോൺ കോളിലൂടെയാണ് തട്ടിപ്പിന് തുടക്കമിട്ടത്. ഫോൺ വിളിച്ചവർ തങ്ങൾ വൈദ്യുതി ബോർഡിൽ നിന്നാണെന്നും ബില്ലുകൾ കൃത്യതയോടെ സൂക്ഷ്മതയോടും കൂടി അടയ്ക്കുന്നതിനായുള്ള ഒരു ആപ്പ് ഡെവലപ്പ് ചെയ്തതായും അതിന്റെ ലിങ്ക് താങ്കളുടെ ഫോണിലേക്ക് അയച്ചിട്ടുണ്ടെന്നും ശ്രീലേഖയോട് പറഞ്ഞു. ആ ലിങ്ക് ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ, ഫോണിൽ ഡൗൺലോഡ് ചെയ്യാനും അവർ ആവശ്യപ്പെട്ടു. പനി പിടിച്ച് സുഖമില്ലാത്ത അവസ്ഥയിലായിരുന്നതിനാൽ താനപ്പോൾ മറ്റ് കാര്യങ്ങളെ കുറിച്ചൊന്നും ചിന്തിച്ചില്ലന്നാണ് ശ്രീലേഖ പറഞ്ഞത്.
തുടര്‍ന്ന് ശ്രീലേഖ തട്ടിപ്പുകാര്‍ പറഞ്ഞ പ്രകാരം ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്തു. പക്ഷേ, ഏതാനും സമയങ്ങൾക്ക് ശേഷം തെന്റ ബാങ്ക് അക്കൗണ്ട് ഫോണിൽ ആക്സസ് ചെയ്യാൻ കഴിയാതെ വന്നതോടെയാണ് ശ്രീലേഖയ്ക്ക് തനിക്ക് ലഭിച്ച അജ്ഞാത ഫോൺ കോളിൽ സംശയം ഉണ്ടായത്. പക്ഷേ, തട്ടിപ്പുകാർ അപ്പോഴേക്കും ഒരു ലക്ഷത്തിലധികം രൂപ ശ്രീലേഖയുടെ അക്കൗണ്ടിൽ നിന്നും പിൻവലിച്ചിരുന്നു. സംഭവത്തെക്കുറിച്ച് സൈബർ പോലീസ് അനേ്വഷണം തുടങ്ങി.






