
തിരുവനന്തപുരം : തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2022 സമർപ്പണ ചടങ്ങിൽ വിവാദ പ്രസ്താവനയുമായി നടൻ അലൻസിയർ. പെൺ പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം അലൻസിയറുടെ പ്രതികരണം.
ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശില്പം തരണമെന്നും അലൻസിയർ പറഞ്ഞു. അങ്ങനെയൊരു പ്രതിമ തരുമ്പോൾ താൻ അഭിനയം നിർത്തുമെന്നും അലൻസിയർ പറഞ്ഞു. സംസ്ഥാന ഫിലിം അവാർഡ്ദാനച്ചടങ്ങിൽ സ്പെഷ്യൽ ജൂറി അവാർഡ് ഏറ്റുവാങ്ങിയതിന് ശേഷമുള്ള പ്രതികരണത്തിനിടെയാണ് അലൻസിയറുടെ വിവാദ പരാമർശം ഉണ്ടായത്.
നല്ല ഭാരമുണ്ടായിരുന്നു അവാർഡിന്. സ്പെഷ്യൽ ജ്യൂറി അവാർഡാണ് ലഭിച്ചത്. എന്നാൽ തന്നേയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം. അത് അപേക്ഷിക്കുകയാണ്. സ്പെഷ്യൽ ജൂറിക്ക് സ്വർണം പൂശിയ പ്രതിമ തരണം.
സണ്ണി വെയ്ൻ, അലൻസിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മജു കെ.ബി സംവിധാനം ചെയ്ത അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു അലൻസിയറിന് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചത്.ആണഹങ്കാരത്തിന്റെ കൊള്ളരുതായ്മകൾ എല്ലാം അടങ്ങിയ കഥാപാത്രത്തെയാണ് അലൻസിയർ സിനിമയിൽ അവതരിപ്പിച്ചത്.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്കാര വിതരണ വേദിയിലായിരുന്നു അലന്‍സിയറിന്റെ വിമര്‍ശനങ്ങള്‍.






