
തിരുവനന്തപുരം: അലന്സിയററുടെ പ്രസംഗം കൊണ്ട് വിവാദമായി മാറിയ സംസ്ഥാന ചലച്ചിത്ര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് എഴുന്നേറ്റ് നിന്നു ബഹുമാനം കാട്ടി നടന് ഭീമന് രഘുവും കൗതുകമായി. അടുത്തിടെ ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന ഭീമന്‍രഘു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം നടക്കുമ്പോഴായിരുന്നു വേദിയില്‍ എഴുന്നേറ്റ് നിന്നത്.
തിരുവനന്തപരും നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു പുരസ്ക്കാര വിതരണ ചടങ്ങ് നടന്നത്. ഏകദേശം 15 മിനിറ്റ് നീണ്ട മുഖ്യമന്ത്രിയുടെ പ്രസംഗം നടക്കുമ്പോള്‍ മുഴുവന്‍ സമയവും രഘു എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. പ്രസംഗം കഴിഞ്ഞപ്പോള്‍ കയ്യടിച്ച ശേഷം കസേരയില്‍ ഇരിക്കുകയും ചെയ്തു. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി കൊല്ലത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള രഘു രണ്ടു മാസം മുമ്പാണ് ബിജെപിയില്‍ കലാകാരന്മാര്ക്ക് അര്‍ഹിക്കുന്ന ബഹുമാനം കിട്ടുന്നില്ലെന്ന് ആക്ഷേപിച്ച് സിപിഎമ്മില്‍ ചേര്‍ന്നത്.
മൂന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് പറഞ്ഞുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പങ്കെടുത്ത പരിപാടിയിലാണ് രഘു ഇടതുപക്ഷത്ത് ചേര്‍ന്നത്. നിശാഗന്ധിയില്‍ വ്യാഴാഴ്ച നടന്ന പുരസ്ക്കാര വിതരണ ചടങ്ങില്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. തനിക്ക് ആണ്‍പ്രതിമ നല്‍കണമെന്നായിരുന്നു അലന്സിയററുടെ വാദം.
പുരസ്്ക്കാര ജേതാക്കളില്‍ മികച്ച നടനുള്ള പുരസ്ക്കാരാം നേടിയ മമ്മൂട്ടി മാത്രമായിരുന്നു എത്താതിരുന്നത്. മമ്മൂട്ടിയുടെ ശില്‍പ്പം സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഏറ്റുവാങ്ങിയത്. ലിജോ സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിനായിരുന്നു മമ്മൂട്ടിക്ക് പുരസ്ക്കാരം കിട്ടിയത്. മമ്മൂട്ടി സ്ഥലത്ത് എത്തിയില്ലെങ്കിലൂം താരത്തിന്റെ പേര് ആരാധകര്‍ കയ്യടിയോടെയാണ് ഏറ്റുവാങ്ങിയത്.






