
ന്യൂയോര്‍ക്ക്: വിശ്വസുന്ദരിയെ കണ്ടെത്താന്‍ നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് യൂണിവേഴ്സിന് ഇനിമുതല്‍ ഉയര്‍ന്ന പ്രായ പരിധി ഇല്ല. 71 ാമത് മിസ് യൂണിവേഴ്സ് കിരീടം ചൂടിയ അമേരിക്കയുടെ ആര് ബോണി ഗബ്രിയേല ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ വെച്ചാണ് ഈ സുപ്രധാന മാറ്റം വെളിപ്പെടുത്തിയത്. 1952 മുതല്‍ തുടര്‍ച്ചയായി നടിവരുന്ന മത്സരത്തില്‍ ഇതുവരെ 28 വയസ്സെന്നതായിരുന്നു ഉയര്‍ന്ന പ്രായപരിധി.
ചരിത്രത്തിലവദ്യമായാണ് പ്രായപരിധി വേണ്ടെന്നു വെക്കാന്‍ മിസ് യൂണിവേഴ്സ് സംഘാടകര്‍ നിശ്ചയിച്ചിരിക്കുന്നത്. തായ്ലന്ഡിലെ പ്രമുഖ സംരഭകയും ട്രാന്‍സ്ജെന്‍ഡറുമായ ആന്‍ ജക്രജുതാതിപ് മിസ് യൂണിവേഴ്സ് ഓര്ഗനൈസേഷന് സ്വന്തമാക്കിയതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങള്‍. പ്രായപരിധി ഒഴിവാക്കിയതിന് പുറമേ വിവാഹിതരും വിവാഹമോചിതരും ഗര്‍ഭിണികളുമായ മത്സരാര്ഥികള്ക്കുളള നിയന്ത്രണങ്ങളും എടുത്തുമാറ്റി.
നിലവില്‍ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ ഏറ്റവും പ്രായം കുടിയ വനിതയാണ് ആര് ബോണി ഗബ്രിയേല. 2022 ല്‍ വിജയിയായ ഗബ്രിയേലയ്ക്ക് ഇപ്പോള്‍ 29 വയസ്സാണ് പ്രായം. മത്സരിക്കാനും കഴിവ് തെളിയിക്കാനും സ്ത്രീകള്‍ക്ക് പ്രായം ഒരു തടസ്സമല്ലെന്ന് ഗബ്രിയേല ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പറഞ്ഞു. അതേസമയം മത്സരത്തില്‍ പങ്കെടുക്കാന്‍ കുറഞ്ഞ പ്രായപരിധി 18 ആയി തന്നെ തുടരും.






