ആകാരവടിവും മുഖസൗന്ദര്യവും ആഗ്രഹിക്കാത്തവരില്ല. ചെറുപ്പം നിലനിര്‍ത്താനും ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാനും യോഗ പരിശീലിച്ചു തുടങ്ങൂ. ശരീരസൗന്ദര്യത്തെക്കുറിച്ച് കൂടുതല്‍ ആകുലപ്പെടുന്നത് സ്ത്രീകളാണെങ്കിലും പുരുഷന്മാരും ശരീരഘടന നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും കുട്ടികള്‍ക്കും യോഗയിലൂടെ ആരോഗ്യം നേടിയെടുക്കാം. മാനസിക ഉന്മേഷം നിലനിര്‍ത്തുന്നതിനു മാത്രമല്ല, മുഖസൗന്ദര്യവും ആകാരവടിവും നേടിയെടുക്കുന്നതിനും യോഗയിലൂടെ സാധിക്കും.
വേദകാലം മുതല്‍ യോഗാഭ്യാസം ആരംഭിച്ചിട്ടുണ്ട്. വേദങ്ങളിലും ഉപനിഷത്തുകളിലും ഗീതയിലും യോഗയുടെ മാഹാത്മ്യം പ്രതിപാദിച്ചിട്ടുണ്ട്. നിബിഡ വനങ്ങളിലും ഗുഹകളിലും ആശ്രമങ്ങളിലും ഇരുന്ന് തപസനുഷ്ഠിച്ചിരുന്ന ഭാരതത്തിലെ ഋഷിമാര്‍ പ്രകൃതിയെ സസൂക്ഷ്മം വീക്ഷിക്കുകയും ജീവജാലങ്ങളെക്കുറിച്ച് കൂടുതല്‍ കണ്ടുപഠിക്കുകയും അവയുടെ ചേഷ്ടകള്‍ കണ്ട് മനസിലാക്കുകയും ചെയ്തിരുന്നു. അവയെ അനുകരിച്ച് പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി അവയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് ശിഷ്യരെ പഠിപ്പിച്ചിരുന്നു. ആരോഗ്യത്തിന്റെ പ്രധാന ഉപാധികളെക്കുറിച്ചും ശരീരഘടനയെക്കുറിച്ചും സമഗ്രമായ അറിവ് ആ കാലത്തു തന്നെ ഇവര്‍ക്കുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് യോഗാസനങ്ങള്‍ ആവിര്‍ഭവിച്ചത്. ഋഷിമാര്‍ ലോകജനതയുടെ ശാരീരിക മാനസിക ആത്മീയ ഉന്നമനത്തിനായി ഉതകുമെന്ന ഉത്തമ വിശ്വാസത്തോടെ മനുഷ്യകുലത്തിന് നല്കിയ മഹത്തായ സംഭാവനയാണ് യോഗ.
ശരീരസൗന്ദര്യത്തിന്
1. പത്മാസനം
ചെയ്യുന്ന വിധം: കാലുകള്‍ രണ്ടും മുന്നോട്ട് നീട്ടി ഇരിക്കുക. ഇനി വലതുകാല്‍ മുട്ടുമടക്കി ഉപ്പൂറ്റി അടിവയറിനോട് ഏറ്റവും ചേര്‍ത്ത് കൊണ്ടുവന്നു ഇടത് തുടയുടെ മേല്‍ഭാഗത്തായി കയറ്റി വയ്ക്കുക. വയറിനോടു ചേര്‍ന്നിരിക്കുവാന്‍ ശ്രമിക്കണം. ഓരോ തുടയിലും കാല്പാദങ്ങള് കയറ്റി വയ്ക്കുവാന്‍ എതിര് വശങ്ങളിലെ കൈ ഉപയോഗിക്കുക. കാല്‍മുട്ടുകള്‍ തറയില്‍ അമര്‍ന്നിരിക്കണം. ശരീരം നേരെയാക്കി കഴുത്ത്, ശിരസ് ഇവ ഒട്ടും വളയാതെ നിവര്‍ന്നിരുന്ന് ഇടതുകൈ വെള്ളയില്‍ വലതുകൈ വെള്ള മലര്‍ത്തി വയ്ക്കുക. അല്ലെങ്കില്‍ അതാത് കാല്മുട്ടിന്മേല് കൈകള്‍ ചിന്മുദ്രയില് വിശ്രമിക്കട്ടെ. ഈ ആസനത്തിലിരുന്ന് ശ്വസനക്രിയ അനുഷ്ഠിക്കാം. ഇനി കാലുകള്‍ കൈകളുടെ സഹായത്താല്‍ പൊക്കിമാറ്റിയ ശേഷം കാലുകള്‍ നില മാറ്റി തുടയില്‍ എടുത്തു വച്ചും ശീലിപ്പിച്ചാല്‍ ഈ ആസനം പൂര്‍ണമാകും.
ഗുണങ്ങള്‍: ശാന്തമായ അന്തരീക്ഷത്തില്‍ ഇതനുഷ്ഠിച്ചാല്‍ മനസ് സ്വസ്ഥമാകുന്നു. മാനസികാരോഗ്യം വര്‍ധിക്കുന്നു. മാനസിക ഉത്തേജനത്തിന് സഹായിക്കുന്നു. ശരീരക്ഷീണം പെട്ടെന്ന് മാറിക്കിട്ടും.
2. ശശാങ്കാസനം
ആദ്യമായി വജ്രാസനത്തില്‍ ഇരിക്കുക. കാല്‍മുട്ടിന് മുന്‍ഭാഗത്തായി കട്ടിയായി ഒരു തുണി മടക്കി വച്ചിരിക്കണം. വലതുകാല്പാദത്തിലും ഇടതുകാല്പാദത്തിലും ഇരുകൈകള്‍ കൊണ്ടും പിടിച്ച് അല്പം മുന്നോട്ട് ചാഞ്ഞിരിക്കണം. പൃഷ്ഠഭാഗം ഉയര്‍ത്തുക. അതിനുശേഷം ശരീരം കൂടുതല്‍ മുന്നോട്ട് താഴ്ത്തി നെറുകഭാഗം മടക്കിവച്ചിട്ടുള്ള ഷീറ്റില്‍ (തുണിയില്‍) കൊള്ളിച്ചു വയ്ക്കുക. ഈ സമയം സാധാരണ ഗതിയിലുള്ള ശ്വാസോഛ്വാസം നടത്തിയാല്‍ മതിയാകും. അരക്കെട്ട് ഉയര്‍ന്നിരിക്കും. ശരീരം ഏതാണ്ട് 'റ' ആകൃതിയില്‍ നിലനില്ക്കും. ഈ രീതിയില്‍ ആരംഭത്തില്‍ അഞ്ച് പ്രാവശ്യം ശ്വാസോഛ്വാസം ചെയ്യുക. അതിനുശേഷം വജ്രാസനത്തിലെത്തി അവസാനിപ്പിക്കുന്ന യോഗാസനം അനുഷ്ഠിക്കുക.
ഗുണങ്ങള്‍: തലയിലേക്കുള്ള രക്തപ്രവാഹം വര്‍ധിക്കുന്നു. ഇതുമൂലം തലച്ചോറിനും മുഖത്തിനും ഉന്മേഷം ലഭിക്കുന്നു. തലവേദന ഇല്ലാതാകുന്നു. മുഖത്തിന് കൂടുതല്‍ കാന്തി ലഭിക്കുന്നു. മുഖസൗന്ദര്യം വര്‍ധിക്കുന്നു. വയറിലെ മാംസപേശികള്‍ക്ക് നല്ല ഉറപ്പ് ലഭിക്കുന്നു. നട്ടെല്ലുമായി ബന്ധപ്പെട്ട പല അസുഖങ്ങളും മാറിക്കിട്ടുന്നു. മനസിന് നവോന്മേഷം ലഭിക്കുന്നു.
3. ശലഭാസനം
കമിഴ്ന്നു കിടക്കുക. താടി തറയില്‍ തൊട്ടിരിക്കണം. കൈകള്‍ രണ്ടും കമിഴ്ത്തി പിന്നോട്ട് നീട്ടി വേണമെങ്കില്‍ ഇരു തുടകള്‍ക്കും അടിഭാഗത്തായി ഒരു താങ്ങുപോലെ വയ്ക്കാം. ഇതിനുശേഷം ശ്വാസം ദീര്‍ഘമായി അകത്തേക്ക് വലിച്ചുകൊണ്ട് വലതുകാല്‍ ഉയര്‍ത്തുക. അതിനുശേഷം ശ്വാസം മെല്ലെ പുറത്തേക്ക് വിട്ടുകൊണ്ട് കാല് സാവധാനം താഴ്ത്തികൊണ്ടുവന്ന് ഷീറ്റില്‍ പതിപ്പിക്കുന്നതോടൊപ്പം ശ്വാസം പൂര്‍ണമായി പുറത്തേക്ക് വിട്ടിരിക്കണം. അതിനുശേഷം ഇടതുകാല്‍കൊണ്ടും ഇങ്ങനെ ചെയ്യുക. കാല് ഉയര്‍ത്തുന്നത് ഒരു സെക്കന്റ് എന്ന ആനുപാതത്തിലായിരിക്കണം ശ്വാസോഛ്വാസം നടത്തേണ്ടത്. ശ്വാസം എടുക്കുന്നതിന്റെ ഇരട്ടി സമയം വേണം ശ്വാസം പുറത്തേക്ക് വിടുവാന്‍. ഈ രീതി ആദ്യം മുതല്‍ ശീലിച്ചു തുടങ്ങണം. എങ്കില്‍ മാത്രമേ മുന്നോട്ടുള്ള അഭ്യാസങ്ങളില്‍ ഇത് പ്രായോഗികമാകൂ. ഇതില്‍ ശലഭാസനത്തിന്റെ രണ്ടാം ഘട്ടമായി രണ്ടുകാലുകളും ചേര്‍ത്ത് വച്ച ശേഷം ശ്വാസം എടുത്തുകൊണ്ട് പരമാവധി ഉയര്‍ത്തുകയും അതിനുശേഷം ശ്വാസം വിട്ടുകൊണ്ട് സാവധാനം താഴ്ത്തി വിരിപ്പില്‍ അമര്‍ത്തി വയ്ക്കുന്നതോടെ ശലഭാസനം പൂര്‍ണമാകുന്നു. ഇങ്ങനെ അഞ്ചു പ്രാവശ്യം ആവര്‍ത്തിക്കണം.
ഗുണങ്ങള്‍: ഇടുപ്പു വേദനയ്ക്ക് ശമനമുണ്ടാകുന്നു. ദേഹത്തിനു നല്ല ലാഘവം സിദ്ധിക്കുന്നു. കാലുകളുടെയും അരക്കെട്ടിന്റേയും മസിലുകള്‍ ഒതുങ്ങി, നല്ല ആകൃതിയും സൗന്ദര്യവും ലഭിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് അംഗലാവണ്യത്തിനായി ചെയ്യാവുന്ന ഫലപ്രദമായ ആസനമാണിത്. വിശപ്പു വര്‍ധിപ്പിക്കുന്നു. അതോടൊപ്പം വയറിന്റെ പേശികളുടെ ബലം കൂടുന്നു.
4. ദോലാസനം
കൈകള്‍ രണ്ടും മുന്നോട്ട് നീട്ടി വച്ച് ഉള്ളം കൈ തറയില്‍ ചേര്‍ത്ത് കമഴ്ത്തി വച്ച് കമഴ്ന്നു കിടക്കുക. താടി തറയില്‍ തൊട്ടിരിക്കട്ടെ. ഇങ്ങനെ കിടന്ന് ശ്വാസം ദീര്‍ഘമായി അകത്തേക്ക് വലിക്കുക. കൈകള്‍, ശിരസ്, കാലുകള്‍ എന്നീ ഭാഗങ്ങള്‍ തറയില്‍ നിന്നും ഒന്നിച്ച് ഉയര്‍ത്തികൊണ്ടുവരിക. കാലുകള്‍ എത്രമാത്രം മുകളിലേക്ക് ഉയര്‍ത്താമോ അത്രമാത്രം ഉദരഭാഗത്ത് വ്യായാമം ലഭിക്കുന്നു. ശരീരം ഉയര്‍ത്തിയ ശേഷം സാവകാശമായി ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് കൈകാലുകള്‍, ശിരസ് എന്നിവ താഴ്ത്തി തറയില്‍ ചേര്‍ത്തു വയ്ക്കുക. ഈ വിധം അഞ്ചു പ്രാവശ്യം ആവര്‍ത്തിക്കുക.
ഗുണങ്ങള്‍: കൈകാലുകള്‍, നട്ടെല്ല്, അരക്കെട്ട് എന്നീ ശരീരഭാഗങ്ങള്‍ക്ക് നല്ല വ്യായാമം ലഭിക്കുന്നു. അതിനാല്‍ ഈ ഭാഗത്തെ മാംസപേശികള്‍ ശക്തമാകുന്നു. ശരീരസൗന്ദര്യം വര്‍ധിക്കുന്നു. അംഗലാവണ്യം ലഭിക്കുന്നു.