
മൃഗങ്ങളില്‍ പ്രത്യേകിച്ച് പുലികളില്‍ കാണുന്ന ചില ചേഷ്ടകളുമായി ബന്ധപ്പെട്ട ഒരു ആസനമാണിത്. അതുകൊണ്ട് ഇതിനെ വ്യാഘ്രാസനമെന്ന് വിളിക്കുന്നു. കാലുകള്‍ രണ്ടും പുറകോട്ടുമടക്കി വജ്രാസനത്തില്‍ ഇരിക്കുക. ആ ഇരിപ്പില്‍ തന്നെ കാല്‍മുട്ടുകളില്‍ പൊങ്ങി നില്ക്കുക. അപ്പോള്‍ കൈമുട്ടുകളും തറയില്‍ കുത്തിനില്‍ക്കണം, മുട്ടുകള്‍ വളയാതെ പ്രത്യേകം ശ്രദ്ധിക്കണം. കാല്‍മുട്ടുകളുടെ നേരെ മുന്പിലായിരിക്കണം കൈപ്പത്തികള്‍ കുത്തേണ്ടത്. കൈപ്പത്തികള്‍ തോളിനു നേരെ താഴെയുമായിരിക്കണം. ഇപ്പോള്‍ പൂച്ചനില്ക്കുന്നതുപോലെ നാലുകാലിലായിരിക്കും നില്പ്.
ഈ നിലയില്‍ ശ്വാസം എടുത്തുകൊണ്ട് നടുവ് താഴോട്ടു വളച്ച് ഞെളിഞ്ഞുനില്ക്കുകയും തല മുകളിലോട്ടുയര്ത്തിപ്പിടിക്കുകയും ദൃഷ്ടി മുകളിലോട്ടാക്കുകയും അതോടൊപ്പം വലത്തേക്കാല് പുറകോട്ട് നീട്ടി മുട്ടുമടക്കാതെ കഴിയുന്നത്ര പുറകോട്ടുനീട്ടി ഉയര്‍ത്തുക. വീണ്ടും ശ്വാസം വിട്ടുകൊണ്ട് കാല്‍മുട്ടുകള്‍ മടക്കി മുട്ടു മുന്നോട്ട് കൊണ്ടുവരുകയും അതോടൊപ്പം തല താഴോട്ടു കുന്നിക്കുകയും മൂക്ക് കാല്‍മുട്ടില്‍ തൊടുവിക്കാന്‍ നോക്കുകയും ചെയ്യുക.
വീണ്ടും ശ്വാസം എടുത്തുകൊണ്ട് പുറകോട്ടുനീട്ടി പൊക്കുകയും പഴയതുപോലെ ആവര്‍ത്തിക്കുകയും ചെയ്യുക. ഈ നിലയില്‍ നില്ക്കുമ്പോള് മറ്റേക്കാലിന്റെ പാദവും മുട്ടും തറയില്നിന്നുയരാതെ ശ്രദ്ധിക്കണം. ഇതേപോലെ മറ്റേക്കാലും ആവര്‍ത്തിക്കണം. ഓരോ കാലും എട്ട് പ്രാവശ്യമെങ്കിലും ആവര്‍ത്തിക്കണം.
ഗുണങ്ങള്‍ അറിയാം:
അരക്കെട്ടിലെയും തുടയിലെയും പൃഷ്ടഭാഗങ്ങളിലെയും ദുര്‍മേദസുകള്‍ കുറയുന്നു. നട്ടെല്ലിന്റെ എല്ലാ കണ്ണികള്‍ക്കും നല്ലരീതിയില്‍ അയവുകിട്ടുന്നു. സ്ത്രീകളുടെ ജനനേന്ദ്രിയവ്യൂഹത്തിന് നല്ല ഉത്തേജനവും പ്രവര്‍ത്തനവും ലഭിക്കുന്നു. ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ മാറിക്കിട്ടുകയും ആ സമയത്തുള്ള അസ്വസ്ഥത പരിഹരിക്കപ്പെടുകയും ചെയ്യുന്നു. അരക്കെട്ടിലെ നാഡീഞരമ്പുകള്‍ ശക്തങ്ങളാകുന്നു. സ്ത്രീകളുടെ ഗര്‍ഭപാത്രം പുറത്തോട്ടു തള്ളുന്നതിനെ കുറയ്ക്കാന്‍ ഈ ആസനം ഒരു പരിധിവരെ സഹായിക്കുന്നു.






