
വിഷാദരോഗം അഥവാ ഡിപ്രഷന് എന്ന മാനസികാവസ്ഥയെ അതിജീവിച്ച നിരവധി പേരുണ്ട്. 2030 ആകുന്നതോടെ ലോകത്തെ ഏറ്റവും വ്യാപകമായ ആരോഗ്യപ്രശ്നമായി ഡിപ്രഷന് മാറുമെന്ന് വൈദ്യശാസ്ത്രജ്ഞരും മാനസികാരോഗ്യവിദഗ്ധരും വ്യക്തമാക്കുന്നു. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും, ആലിയ ഭട്ടും തങ്ങള്‍ അനുഭവിച്ച ഡിപ്രഷനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ഇന്ന് ആരെയും ബാധിയ്ക്കുന്ന ഒന്നായി മാറിയിരിയ്ക്കുകയാണ് വിഷാദരോഗം.
വിഷാദരോഗത്തെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ഇംഗ്ലണ്ടിലെ കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. നമ്മുടെ ജീവിതശൈലിയില്‍ ചില നല്ല ശീലങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പുതിയ പഠനങ്ങളില്‍ പറയുന്നത്. ജനിതകപരമായി വിഷാദരോഗ സാധ്യതയുള്ളവരില്‍ പോലും ഇത്തരം ശീലങ്ങള്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് പഠനത്തില്‍ പറയുന്നത്. നിത്യവുമുള്ള വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം, സാമൂഹികമായ ബന്ധങ്ങള്‍ ഉണ്ടാക്കുകയും നിലനിര്‍ത്തുകയും ചെയ്യുക, പുകവലി ശീലം ഒഴിവാക്കല്‍, നല്ല ഉറക്കം, മദ്യപാനം ഒഴിവാക്കുകയോ പരിമിതമായ തോതില്‍ മാത്രം ആക്കുകയോ ചെയ്യുക, അലസമായ ജീവിതശൈലി ഒഴിവാക്കി സജീവമായി ഇരിക്കുക എന്നീ ശീലങ്ങള്‍ പിന്തുടരുന്നത് വിഷാദരോഗ സാധ്യത ഗണ്യമായി കുറയ്ക്കും.
യുകെ ബയോബാങ്കിലെ 2,90,000 പേരുടെ വിവരങ്ങള്‍ ഒന്‍പത് വര്‍ഷക്കാലം പരിശോധിച്ചാണ് ഈ നിഗമനങ്ങളിലേക്ക് ഗവേഷകര്‍ എത്തിച്ചേര്‍ന്നത്. ഇവരില്‍ 13,000 പേര്‍ക്ക് വിഷാദരോഗം അനുഭവപ്പെട്ടു. ഈ ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഉറക്കമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. രാത്രിയില്‍ ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ തുടര്‍ച്ചയായി ഉറങ്ങാന്‍ സാധിച്ചവരിലെ വിഷാദരോഗ സാധ്യത 22 ശതമാനം കുറഞ്ഞതായി ഇവര്‍ നിരീക്ഷിച്ചു. ഉറങ്ങുമ്പോള്‍ ശരീരം ബീറ്റ അമിലോയ്ഡ് ഉള്‍പ്പെടെയുള്ള വിഷവസ്തുക്കള്‍ നീക്കം ചെയ്യുന്നു. ഈ ബീറ്റ അമിലോയ്ഡുകള്‍ മേധാശക്തി ക്ഷയിപ്പിക്കുകയും അല്‍സ്ഹൈമേഴ്സ്, വിഷാദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
ഉറക്കം കഴിഞ്ഞാല്‍ ഏറ്റവും സ്വാധീനം ചെലുത്തുന്നത് പുകവലി ശീലമാണ്. ഒരിക്കലും പുകവലിക്കാത്തവര്‍ക്ക് വിഷാദരോഗ സാധ്യത 20 ശതമാനം കുറഞ്ഞിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. നല്ല സാമൂഹിക ബന്ധങ്ങളും വിഷാദരോഗത്തെ തടുത്ത് നിര്‍ത്താന്‍ സഹായകമാണ്. നല്ല സാമൂഹിക ബന്ധങ്ങളുള്ളവര്‍ക്ക് വിഷാദരോഗ സാധ്യത 18 ശതമാനം കുറഞ്ഞിരിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. ആരോഗ്യകരമായ ഭക്ഷണക്രമം ആറ് ശതമാനവും പരിമിതമായ മദ്യപാനം 11 ശതമാനവും നിത്യവുമുള്ള വ്യായാമം 14 ശതമാനവും സജീവമായ ജീവിതശൈലി 13 ശതമാനവും വിഷാദരോഗ സാധ്യത കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേച്ചര്‍ മെന്റല്‍ ഹെല്‍ത്ത് ജേണലില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.






