
സംസ്ഥാന ചലച്ചിത്ര ദാനചടങ്ങളില്‍ പ്രതേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായ നടന് അലന്‍സിയര്‍ പറഞ്ഞ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ നടന് ധ്യാന്‍ ശ്രീനിവാസനും അലന്‍സിയര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. അലന്‍സിയര്‍ നടത്തിയത് വെറുതെ ആളാകാനുള്ള ശ്രമമാണെന്നാണ് ധ്യാന്‍ പറയുന്നത്. തന്റെ പുതിയ സിനിമയായ 'നദികളില്‍ സുന്ദരി യമുന' എന്ന സിനിമയുടെ പ്രൊമോഷന് പരിപാടിയിലായിരുന്നു ധ്യാന്‍ അലന്‍സിയര്‍ക്കെതിരെ അഭിപ്രായം പറഞ്ഞത്.
'അലന്‍സിയര്‍ ചേട്ടന് വളരെ അടുത്ത സുഹൃത്തും, ജ്യേഷ്ഠതുല്യനുമാണ്. അങ്ങനെയൊരു അഭിപ്രായമുണ്ടായിരുന്നെങ്കില്‍ ആ പരിപാടിക്ക് പോകാതിരിക്കുകയാണ് വേണ്ടത്. ബഹിഷ്ക്കരിക്കുകയോ മറ്റോ ചെയ്യണമായിരുന്നു. അല്ലാതെ പോയി അവാര്‍ഡ് വാങ്ങിയ ശേഷം ഇത് പറഞ്ഞ് കേട്ടപ്പോള്‍ ഈ കാര്യം പറയാന്‍ വേണ്ടി പോയത് പോലെയാണ് എനിക്ക് തോന്നിയത്.'' ധ്യാന്‍ പറഞ്ഞു.
സ്റ്റേജ് കിട്ടുമ്പോള്‍ പലര്‍ക്കും ഒന്ന് ഷൈന്‍ ചെയ്യാന്‍ തോന്നും. അതുകൊണ്ട് തന്നെ അത് ഒരു പബ്ലിസിറ്റി സ്റ്റണ്ടായി തോന്നി. സ്റ്റേറ്റ് അവാര്‍ഡ് ഫങ്ഷനില്‍ പോയി അത്തരമൊരു കാര്യം പറഞ്ഞതിന് ഇവിടുത്തെ സിസ്റ്റമാണ് ആള്‍ക്ക് എതിരെ ആക്ഷന്‍ എടുക്കേണ്ടത്. എടുക്കാത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
പെണ് പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം അലന്‍സിയറുടെ പ്രതികരണം.ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പം തരണമെന്നും അലന്‍സിയര്‍ പറഞ്ഞു. അങ്ങനെയൊരു പ്രതിമ തരുമ്പോള്‍ താന്‍ അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു. സംസ്ഥാന ഫിലിം അവാര്‍ഡ്ദാനച്ചടങ്ങില്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷമുള്ള പ്രതികരണത്തിനിടെയാണ് അലന്‍സിയറുടെ വിവാദ പരാമര്‍ശം ഉണ്ടായത്. എന്നാല്‍ പറഞ്ഞ പ്രസ്താവന തിരുത്താനോ മാപ്പ് പറയാനോ താരം തയ്യാറായില്ല.






