
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ ഇന്നു പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറും. ഭരണഘടന അംഗീകരിച്ചതുള്പ്പെടെയുള്ള ചരിത്ര സംഭവങ്ങള്‍ക്ക് വേദിയായ പഴയ പാര്‍ലമെന്റ് മന്ദിരം ഇതോടെ മറ്റ് ദൗത്യങ്ങള്‍ക്കായി വഴിമാറും. പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഫോട്ടോ സെഷനിലൂടെയാണ് ഇന്നലെ പരിപാടികള്‍ തുടങ്ങുക.
രാവിലെ 11നു പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ അംഗങ്ങള്‍ ഒത്തുചേരും. 2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യും. വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കാണ് ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. തുടര്‍ന്ന് അംഗങ്ങള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കു നീങ്ങും. നാളെ മുതലാകും പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സമ്മേളനങ്ങള്‍ ചേരുക. എട്ട് ബില്ലുകളാകും പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചര്‍ച്ചയ്ക്കെടുക്കുക.
1927-ല്‍ പൂര്‍ത്തിയാക്കിയ പഴയ പാര്‍ലമെന്റ് മന്ദിരം ഇന്നത്തെ ആവശ്യങ്ങള്‍ക്ക് അപര്യാപ്തമാണെന്ന് കണ്ടെത്തിയതോടെയാണ് പുതിയ മന്ദിരം എന്ന ആശയം ഉദയം ചെയ്തത്. ഇന്നലെ ലോക്സഭയില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പഴയ കെട്ടിടത്തിന്റെ 'ഓരോ ഇഷ്ടികയ്ക്കും' ആദരം അര്‍പ്പിച്ചു. ''പുതിയ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും'' എം.പിമാര്‍ പുതിയ കെട്ടിടത്തിലേക്ക് പ്രവേശിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബ്രിട്ടീഷ് വാസ്തുശില്പികളായ സര് എഡ്വിന് ലൂട്ടിയന്‍സും ഹെര്‍ബര്‍ട്ട് ബേക്കറും ചേര്‍ന്ന് രൂപകല്പന ചെയ്ത പഴയ പാര്‍ലമെന്റ് കെട്ടിടം സ്വാതന്ത്ര്യ സമരം മുതല്‍ ആധുനിക ഇന്ത്യയുടെ കുതിപ്പിന് വരെ സാക്ഷ്യം വഹിച്ചു. പഴയ കെട്ടിടം പൊളിക്കില്ലെന്നും പാര്‍ലമെന്ററി പരിപാടികള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്ഥലം നല്‍കുന്നതിനായി പുനഃക്രമീകരിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
നിലവിലുള്ള മന്ദിരം അറ്റകുറ്റപ്പണികള്‍ നടത്തി ബദല്‍ ഉപയോഗത്തിന് ലഭ്യമാക്കുമെന്ന് 2021-ല്‍ അന്നത്തെ കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യസഭയെ അറിയിച്ചിരുന്നു. െപെതൃക സംവേദനക്ഷമത പുനഃസ്ഥാപിക്കുന്നതിനായി ദേശീയ ആര്െക്കെവ്സ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറ്റുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇത് പഴയ പാര്‍ലമെന്റ് കെട്ടിടത്തിന് കൂടുതല്‍ സ്ഥലസൗകര്യം ലഭ്യമാക്കും. പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം മ്യൂസിയമാക്കി മാറ്റാമെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ മേയിലാണു പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ലോക്സഭാ ചേമ്പറില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭാ ചേംബറില്‍ 300 അംഗങ്ങള്‍ക്കും ഇരിക്കാന്‍ കഴിയുന്നതാണ് കൂറ്റന്‍ കെട്ടിടം. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിനായി 1,280 എം.പിമാര്‍ക്ക് ലോക്സഭാ ചേംബറില്‍ ഒത്തുചേരാം.
ത്രികോണാകൃതിയിലുള്ള നാല് നില കെട്ടിടത്തിന് 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഇതിന് മൂന്ന് പ്രധാന കവാടങ്ങളുണ്ട് - ഗ്യാന്‍ ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ്മ ദ്വാര്‍ - കൂടാതെ വി.ഐ.പികള്‍ക്കും എം.പിമാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേക പ്രവേശന കവാടങ്ങളുണ്ട്.






