
വിജയ് ചിത്രം ' ലിയോ' യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. തോക്കിനുള്ളിലുള്ള വിജയ്യെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്. ശാന്തമായിരിക്കൂക, രക്ഷപ്പെടാന്‍ തയ്യാറെടുക്കുകയെന്നാണ് പോസ്റ്ററിലെ വാചകം.ലിയോയുടെ മറ്റൊരു പോസ്റ്റര്‍ ഇന്നലെ പുറത്തിറക്കിയിരുന്നു. 'സമാധാനമായിരിക്കൂ, യുദ്ധം ഒഴിവാക്കൂ' (Keep calm and Avoid Battle) എന്നാണ് പോസ്റ്ററിലെ ക്യാപ്ഷന്‍. കശ്മീരിലെ തണുപ്പില്‍ നില്ക്കുന്ന വിജയ് ആണ് പോസ്റ്ററില്‍. പോസ്റ്ററുകളിലെ വാചകളുടെ അര്‍ഥം എന്താണെന്ന് ചോദിക്കുകയാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍.
ലോകേഷ് കനകരാജിന്റെ ലിയോയില്‍ വിജയ്യുടെ കഥാപാത്രം എന്തായിരിക്കും എന്ന അന്വേഷണത്തിലാണ് കുറച്ച് നാളുകളായി ആരാധകര്‍. വിജയ് മാഫിയ തലവനായിരിക്കും എന്നായിരുന്നു ആദ്യ പോസ്റ്ററുകളില്‍ നിന്നുള്ള സൂചനകളില്‍ ആരാധകര്‍ മനസ്സിലാക്കിയത്. ലിയോ എന്ന ടൈറ്റില്‍ റോളില്‍ തന്നെയാണ് വിജയ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പുതിയ പോസ്റ്ററുകള്‍ വിജയ്യുടെ കഥാപാത്രം എന്തായാരിക്കും എന്നതില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയതിനാല്‍ അവയുടെ അര്‍ഥം ചികയുകയാണ് ആരാധകര്‍.
ഒക്ടോബര്‍ 19നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ' ലിയോ' യുടെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. വിജയ്യ്ക്കൊപ്പം തൃഷ, സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, ഗൗതം മേനോന്, മിഷ്കിന്, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി ഇന്ത്യന്‍ സിനിമയിലെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.






