Authored by Web Desk | Last updated: 19 Sep 2023, 1:31 PM | 1 min read
ആയുര്‍വേദം ഓജസ് വര്‍ധിപ്പിച്ചും സത്വത്തെ മെച്ചപ്പെടുത്തിയും ശരീരത്തിന്റെ പ്രതിരോധശേഷി ഉയര്‍ത്തുന്നു. ഔഷധ ലേപനങ്ങളും വിവിധതരം എണ്ണകളും ചൂര്‍ണങ്ങളും ഉപയോഗിച്ചുള്ള സര്‍വ്വാംഗം തിരുമ്മലിനും ഉഴിച്ചിലിനും പുറമേ ഉള്ളില്‍ കഴിക്കാനുള്ള ഔഷധങ്ങളും ആവിപിടുത്തവും എണ്ണതേച്ചുള്ള കുഴിയും ചികിത്സാവിധികളില്‍പ്പെടുന്നു.
തേച്ചുകുളി
തേച്ചുകുളിക്ക് ആയുര്‍വേദത്തില്‍ വലിയ പ്രാധാന്യമുണ്ട്. സുഗന്ധതൈലം, ഔഷധങ്ങള്‍ എന്നിവ ചേര്‍ത്തുള്ള കാച്ചിയ എണ്ണ നെറുക മുതല്‍ കാലിനടിയില്‍ വരെ തേച്ചുപിടിപ്പിക്കണം. ഇത് ക്ഷീണമകറ്റി ബലം വര്‍ധിപ്പിച്ച് ദേഹം പുഷ്ടിപ്പെടുത്തുന്നു. ചൂടുവെള്ളം ഉപയോഗിച്ച് കുളിക്കാം. പക്ഷേ, തല ചൂടുവെള്ളത്തില്‍ കഴുകരുത്. രക്തയോട്ടം കൂട്ടാനും ഉണര്‍വുണ്ടാകാനും ശരീരബലം വര്‍ധിപ്പിക്കുവാനും ഇത് നല്ലതാണ്.
കായകല്പ ചികിത്സ
പ്രതിരോധശേഷിക്കും ദീര്‍ഘായുസിനുമുള്ള ചികിത്സ. ശരീരകോശങ്ങളുടെ നാശത്തെ ചെറുത്തും പ്രതിരോധ ശേഷി വളര്‍ത്തിയുമുള്ള കാലകല്പ ചികിത്സ വാര്‍ധക്യത്തെ തടഞ്ഞുനിര്‍ത്തുന്ന സുപ്രധാന ചികിത്സയാണ്. സമഗ്രമായ ശരീര സംരക്ഷണ വിധികള്‍ക്കൊപ്പം ഇതില്‍ ചില രസായനങ്ങളുടെ സേവിക്കലും ഉള്‍പ്പെടുന്നു.
സ്വേദനം
ശാരീരികാശുദ്ധികളെ പൂര്‍ണമായും ഒഴിവാക്കുന്ന ആവികൊളളല് ത്വക്കിന്റെ നിറവും മിനുസവും വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല വാതസംബന്ധമായ പല രോഗങ്ങള്‍ക്കും, വിശേഷിച്ച് വേദനയ്ക്ക് ശമനമുണ്ടാക്കുന്നു. ദിവസവും 10 മുതല്‍ 20 മിനിറ്റു വരെ ശരീരം മുഴുവന്‍ ഔഷധ ചെടികളിട്ട് തിളപ്പിച്ച വെള്ളത്തിന്റെ ആവി കൊള്ളിക്കുന്നു. ഇതേത്തുടര്‍ന്ന് എണ്ണകളും ചൂര്ണങ്ങളുമുപയോഗിച്ച് ശരീരമാസകലം തിരുമ്മുന്നു. രക്തചംക്രമണം മെച്ചപ്പെടുത്താനും പേശികളുടെ സൗഖ്യത്തിനും ഇത് സഹായിക്കും.
കൃശഗാത്രീകരണം
ചൂര്‍ണ്ണങ്ങളും എണ്ണകളും ഉപയോഗിച്ചുള്ള ഉഴിച്ചിലുകള്‍, ആയുര്‍വേദ വിധിയനുസരിച്ച് സസ്യനീരുകള്‍ ഉള്‍പ്പെടുന്ന ഭക്ഷണക്രമം എന്നിവ ഈ ചികിത്സയുടെ ഭാഗമാണ്.