
ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടനവധി വീഡിയോകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവയ്ക്കെല്ലാം കാഴ്ചക്കാരും ഏറെയാണ്. ചിലര്‍ ഇവയെല്ലാം ആസ്വദിക്കുമ്പോള്‍ മറ്റുചിലര്‍ പ്രായമോ ലിംഗഭേദമോ ആരോഗ്യമോ നോക്കാതെ സോഷ്യല്‍ മീഡിയയില്‍ സ്വന്തമായി ഒരു ഇടം കണ്ടെത്തുന്നു. ഇതിന് ഉദാഹരമാണ് ശാരീരിക സ്ഥിതിളെ മറന്ന് കാഴ്ചക്കാരെ ത്രസിപ്പിക്കാന്‍ എത്തുന്ന വയോധികര്‍. യുവാക്കളെ പോലെ തന്നെ ചലഞ്ചുകള്‍ ഏറ്റെടുക്കാനും ട്രെന്‍ഡിനൊത്ത് ചുവടുവയ്ക്കാനും ഇവരാണ് ഇപ്പോള്‍ മുന്‍പന്തിയില്‍. കാരണം ജീവിതത്തിന്റെ നല്ലൊരു കാലം ജീവിച്ച്, വാര്‍ദ്ധക്യത്തില്‍ പരസഹായത്തോടെ അവസാന നാളുകള്‍ തള്ളിനീക്കുന്നവരാണ് ഇവര്‍. ഏറെ കരുതല്‍ വേണ്ട കാലം. എന്നാല്‍, നിലവിലെ ജീവിത സാഹചര്യങ്ങളിലെ അണു കുടുംബ വ്യവസ്ഥ പ്രായമായവരെ ഏകാന്തതയിലേക്കും ഒറ്റപ്പെടലിലേക്കും തള്ളിവിടപ്പെടുന്നവരും നിരവധിയാണ്. എന്നാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ ഓള്‍ഡേജ് ഹോമുകള്‍ ഉയര്‍ന്നു. ഇതോടെ സങ്കടങ്ങള്‍ക്കിടയിലും ജീവിതം ആസ്വദിക്കാന്‍ അവര്‍ പഠിച്ചു. ഇതിനുള്ള തെളിവാണ് കഴിഞ്ഞ ദിവസം ഒരു ഓള്‍ഡേജ് ഹോമില്‍ നിന്ന് പുറത്തുവന്ന മനോഹരമായ ഒരു വീഡിയോ.
കര്‍ണ്ണാടകയിലെ ശാന്തി സെക്കന്റ ചൈല്‍ഡ്ഹുഡ് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പിന്തുടര്ച്ചക്കാരുള്ള ഒരു ഓള്‍ഡേജ് ഹോമാണ്. എന്നാല്‍ തങ്ങളുടെ അന്തേവാസികളുടെ ബോറടിയും ഏകാന്തതയും മാറ്റാന്‍ ചില നുറുങ്ങ് വീഡിയോകളും ചില രസകരമായ ദൃശ്യങ്ങളും ശാന്തി സെക്കന്റ് ചൈല്‍ഡ്ഹുഡ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയാണ് ഇത്. സാമൂഹിക മാധ്യമങ്ങളില്‍ ഏറെ വൈറലായ, ഇതിനകം നൂറുകണക്കിന് റീലുകള്‍ ഇറങ്ങിയ ആനന്ദ കര്‍ക്കിയും ചോദ്യ ശാക്യയും പാടിയ നേപ്പാളിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ 'ബാദല്‍ ബര്‍സ ബിജുലി' എന്ന പാട്ടിനൊപ്പിച്ചായിരുന്നു ശാന്തി സെക്കന്റ് ചൈല്‍ഡ്ഹുഡിലെ മുത്തശ്ശിമാരും ചുവട് വച്ചത്. സാരി ധരിച്ച മുത്തശ്ശിമാര്‍, തങ്ങളുടെ മെയ്വഴക്കത്തിന് പറ്റുന്നതരത്തില് ചുവടുകള്‍ വച്ചു.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഏറെ പേരുടെ ശ്രദ്ധയാകര്‍ഷിച്ചു. ഇതിന് പിന്നാലെ ഏറെ പേര് മുത്തശ്ശിമാരെ അഭിനന്ദിക്കാനുമെത്തി. 'പുതിയ സംസ്കാരം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കിലും അവയുമായി പൊരുത്തപ്പെടാന്‍ അവര്‍ തയ്യാറാണ്. അതാണ് ജീവിതത്തിന്റെ ആത്മാവ്. ആ പ്രായത്തില്‍ ഞാന്‍ അത്രയധികം ഉത്സാഹമുള്ളവനാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.' ഒരു കാഴ്ചക്കാരന് എഴുതി. നിരവധി പേര് തങ്ങള്‍ക്ക് ഏത് മുത്തശ്ശിയുടെ നൃത്തമാണ് ഇഷ്ടപ്പെട്ടതെന്ന് കുറിച്ചു. ഈ പ്രായത്തിലും അവര്‍ ഇത്രയും ചെയ്യുന്നതില്‍ പലരും അത്ഭുതപ്പെട്ടു.






