
തിരക്കുകളില്‍ നിന്ന് തിരക്കുകളിലേയ്ക്കുള്ള ഇന്നത്തെ ജീവിതരീതി മിക്കവരേയും സമ്മര്‍ദ്ദത്തില്‍ ആക്കാറുണ്ട്. ഇത് ആരോഗ്യത്തെയും ബാധിയ്്ക്കാറുണ്ട്. സമ്മര്‍ദവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. കാനഡയിലെ CHU ക്യുബെക് യൂണിവേഴ്സിറ്റി ലാവല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ സമ്മര്‍ദമേറിയ ജോലിയിലൂടെ കടന്നുപോകുന്നവരില്‍ ഹൃദ്രോഗസാധ്യത ഇരട്ടിയാണെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്. ജോലിസംബന്ധമായ സമ്മര്‍ദം എങ്ങനെ ഹൃദ്രോഗത്തിലേക്കു നയിക്കുന്നു എന്നാണ് പഠനം വിശകലനം ചെയ്തത്.
പതിനെട്ടു വര്‍ഷത്തോളം നീണ്ടു നിന്ന പഠനത്തില്‍ 6,400 പേരില്‍ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്. ജോലിസ്ഥലത്തെ അമിതസമ്മര്‍ദം ഹൃദയാഘാതം ഉള്‍പ്പെടെയുള്ള സങ്കീര്‍ണാവസ്ഥകളിലേക്ക് നയിക്കുമെന്നും പ്രത്യേകിച്ച് പുരുഷന്മാരില് ഇതിനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. രണ്ടുരീതിയിലുള്ള സമ്മര്ദത്തേക്കുറിച്ചാണ് പഠനത്തില്‍ പരിശോധിച്ചത്. ആദ്യത്തേത് ജോലിയുടെ സ്വഭാവത്തേക്കുറിച്ചാണ്. ജീവനക്കാരന് കൂടുതല്‍ ജോലിയും എന്നാല്‍ സ്വന്തം ജോലിയില്‍ നിയന്ത്രണം കുറവുള്ളതുമായ വിഭാഗമാണ് ആദ്യം പരിശോധിച്ചത്. ആക്റ്റീവ് ജോലിക്കാരില്‍ കൂടുതല്‍ ജോലിക്കൊപ്പം തന്നെ അതിന്മേലുള്ള നിയന്ത്രണവും ഉണ്ടായിരിക്കും. പാസീവ് ജോലിക്കാരില്‍ ജോലിയും നിയന്ത്രണവും കുറവായിരിക്കും. ജോലി കുറവും അതിന്മേലുള്ള നിയന്ത്രണം കൂടുതലുമുള്ള വിഭാഗമാണ് മറ്റൊന്ന്. അടുത്തതായി പരിശോധിച്ചത് ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള പ്രതിഫലം സംബന്ധിച്ചാണ്. ഒരുവ്യക്തിയുടെ ജോലി ആവശ്യപ്പെടുന്നതിന് അനുസരിച്ചുള്ള ശമ്പളവും പ്രൊമോഷനും ജോലിയുടെ സ്ഥിരതയും ഉള്‍പ്പെടെയാണ് ഇവിടെ പരിശോധിച്ചത്.
ജോലിയുടെ സമ്മര്‍ദം മാത്രമല്ല പരിശോധിച്ചതെങ്കിലും മറ്റു സമ്മര്‍ദങ്ങള്‍ക്കൊപ്പം ഇതുകൂടി കൂടിച്ചേരുമ്പോഴുള്ള ആഘാതമാണ് പരിശോധിച്ചതെന്നും ഗവേഷകര്‍ പറയുന്നു. തുടര്‍ന്നാണ് തൊഴിലിടത്തില്‍ സമ്മര്‍ദം കുറവും അനുകൂല അന്തരീക്ഷവും ഉള്ളവരില്‍ ഹൃദ്രോഗസാധ്യത കുറവാണെന്ന് സംഘം കണ്ടെത്തിയത്. ജോലിക്കിടയില്‍ പലവിധത്തിലുള്ള സമ്മര്‍ദം അനുഭവിക്കുന്നവരിലാകട്ടെ ഹൃദ്രോഗസാധ്യത 103 ശതമാനമായി കാണപ്പെട്ടുവെന്നും ഗവേഷകര്‍ പറയുന്നു. തൊഴിലിടത്തില്‍ മതിയായ സ്ഥാനം ലഭിക്കാത്തതും പ്രതിഫലം ലഭിക്കാത്തതുമൊക്കെ സമ്മര്‍ദത്തിന്റെ തോതുകൂട്ടുകയും അതു പിന്നീട് ഹൃദ്രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ പറഞ്ഞുവെക്കുന്നത്.
സമ്മര്‍ദം കൂടുക വഴി ഹോര്‍മോണ്‍ നിലകളില്‍ മാറ്റം വരികയും രക്തസമ്മര്ദത്തിന്റെയും ഹൃദയമിടിപ്പിന്റെയും തോതുകൂടുകയുമൊക്കെ ചെയ്യും. ഇത് ശരീരത്തില്‍ ഹ്രസ്വ-ദീര്‍ഘകാലത്തേക്ക് മാറ്റങ്ങള്‍ ഉണ്ടാക്കാമെന്നും ഗവേഷകര്‍ പറയുന്നു. സര്‍ക്കുലേഷന്‍:കാര്‍ഡിയോവാസ്കുലാര്‍ ക്വാളിറ്റി ആന്‍ഡ് ഔട്ട്കംസ് എന്ന ജേര്‍ണലിലാണ് പ്രസ്തുതപഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.






