
ന്യൂഡല്‍ഹി: വിമാനങ്ങളില്‍ വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് വ്യവസായ സംഘടനകളുടെ ഉന്നതാധികാര സമിതിയായ അസോചം രംഗത്ത്. യാത്രക്കാര്‍ക്ക് ആശയവിനിമയത്തിനും സുരക്ഷയ്ക്കും വൈഫൈ സഹായിക്കുമെന്ന് അസോചം അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അസോചം സെക്രട്ടറി ജനറല്‍ ഡി എസ് റാവത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
സര്‍വേയുടെ അടിസ്ഥാനത്തില്‍ യാത്രക്കാര്‍ ലാപ്ടോപ് അടക്കമുള്ള സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്താന്‍ താത്പര്യമുണ്ടെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനും ആശയവിനിമയമന്ത്രിക്കും സിവില്‍ ഏവിയേഷന്‍ മന്ത്രിയ്ക്കും ഇത് സംബന്ധിച്ച കത്തയച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഫ്ലൈറ്റുകളില്‍ ഫോണ്‍ ചെയ്യുന്നതിനും വിലക്കുണ്ട്. മിക്ക വിദേശ എയര്‍ലൈന്‍സുകള്‍ക്കും വൈഫൈ സൗകര്യങ്ങളുണ്ട്. ഇവ ഇന്ത്യന്‍ അതിര്‍ത്തി കടക്കുമ്പോള്‍ വൈ-ഫൈ കട്ടാക്കും.
ഈ വിഷയത്തില്‍ ഇന്ത്യ ഇതുവരെ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. ഐഎഫ്സി സംവിധാനമുള്ള വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമ അതിര്‍ത്തിയിലേക്ക് പ്രവേശിക്കുന്നതോടെ അവ നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. ഇത് യാത്രക്കാരില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അസോചം വ്യക്തമാക്കി.






