
അങ്ങ് കോളറാഡോയില്‍ ഹിപ്പി സംസ്‌ക്കാരത്തില്‍ വളര്‍ന്ന മാതാപിതാക്കളുടെ മകളായി ജനിച്ച ബ്രൂക്ക് എഡ്ഡി, ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രം കോടീശ്വരിയായ കഥയിങ്ങനെ. അതിനായി ആ പെണ്‍കുട്ടി തെരഞ്ഞെടുത്തതോ ചായക്കച്ചവടം. ഒരിക്കല്‍ ഇന്ത്യയില്‍ വന്ന് ചായകുടിച്ച് ചായയുടെ കടുത്ത ആരാധികയായി മാറി ബ്രൂക് എഡ്ഡി എന്ന അമേരിക്കന്‍ വനിത. അവള്‍ സ്വന്തം നാട്ടില്‍ പോയി തുടങ്ങിയത് ചെറിയ രീതിയിലുള്ള ഒരു ചായ കച്ചവടം. എന്നാലീ ചായ വില്‍പ്പന എന്നത് അതത്ര മോശം ബിസിനസ് അല്ലെന്ന് ചുരുങ്ങിയ കാലം കൊണ്ട് എഡ്ഡി തെളിയിക്കുകയും ചെയ്തു. കോടീശ്വരിയായി മാറിയ എഡ്ഡി ചായ വില്‍പനയിലൂടെ മാത്രം ഇപ്പോള്‍ ഏഴു ദശലക്ഷം ഡോളറിന്റെ ഉടമയുമായി.
ബിസിനസിന്റെ ആശയവും തുടക്കവും നമ്മുടെ ഇന്ത്യയില്‍ നിന്നായതുകൊണ്ട് തന്റെ കച്ചവടത്തില്‍ ഇന്ത്യക്കാരുടേതുപോലുള്ള ചില ട്രിക്കുകളും ഉള്‍പ്പെടുത്തി. വില കുറഞ്ഞതോ, മായം ചേര്‍ത്തതോ ആയ ചായപ്പൊടിയും മറ്റും ഉപയോഗിച്ചല്ല കക്ഷി ലാഭം കൊയ്തത്. നമ്മുടെ നാട്ടില്‍ 'ഭക്തി' തലയ്ക്കു പിടിച്ചാല്‍ ജനം എന്തും ചെയ്യുമെന്ന തിരിച്ചറിവാണ് അത്. അതുകൊണ്ടുതന്നെയാണ് എഡ്ഡി തന്റെ ചായക്കമ്പനിക്ക് 'ഭക്തി ചായ' എന്നാണ് പേരിട്ടത്.
2007-ല്‍ തുടങ്ങിയ ചായക്കമ്പനിയുടെ ആദ്യ കച്ചവടം അടുത്ത കഫേകളില്‍ ചായ വിതരണമായിരുന്നു. എന്നാല്‍ ആ ശ്രമം വിജയിച്ചില്ല. പക്ഷേ, എഡ്ഡി നിരാശയാകാതെ വില്‍പനയ്ക്ക് മറ്റുവഴികള്‍ ആലോചിച്ചു.
അങ്ങനെയാണ് എഡ്ഡി സ്വന്തം കാറിന്റെ പിന്‍സീറ്റില്‍ കട തുടങ്ങി വില്‍പ്പന ആരംഭിച്ചത്. ഇതുതന്നെയാണ് ഇപ്പോള്‍ എഡ്ഡിയെ കോടീശ്വരിയാക്കി മാറ്റിയിരിക്കുന്നത്.
കൊളാറാഡോയില്‍ ജനിച്ചെങ്കിലും വളര്‍ന്നത് മിഷിഗനിലാണ്. അതുകൊണ്ടു തന്നെ ഇന്ത്യയുമായി കക്ഷിക്ക് യാതൊരു ബന്ധവുമില്ല.
എന്നിട്ടും അവര്‍ ഇന്ത്യയെ വല്ലാതെ ഇഷ്ടപ്പെടുന്നു. ഓരോ തവണയും ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ പുതിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നു. ഒപ്പം പുതുമനിറഞ്ഞ ആശയങ്ങള്‍ കൈവരികയും ചെയ്യുന്നതായും എഡ്ഡി പറയുന്നു.
2002- ല്‍ ഇന്ത്യ സന്ദര്‍ശിച്ചതോടെയാണ് എഡ്ഡി ചായയുടെ രുചിയില്‍ വീണുപോകുന്നത്. 2006-ല്‍ കോളറാഡോയില്‍ തിരിച്ചെത്തിയപ്പോള്‍ അവിടെയെങ്ങും അവര്‍ പ്രതീക്ഷിച്ച രുചിയുള്ള ചായ കിട്ടാനുണ്ടായിരുന്നില്ല. പ്രാദേശിക കഫേകള്‍ വിളമ്പിയിരുന്ന ചായക്ക് ഇന്ത്യന്‍ ചായയുടെ ഏഴയലത്തെത്തുന്ന രുചിയേ ഉണ്ടായിരുന്നില്ല. ഭക്തി അന്വേഷണങ്ങളുടെ ഭാഗമായി ഇന്ത്യയിലെത്തിയ എഡ്ഡി ആ പേര് തന്നെയിട്ട് കമ്പനി തുടങ്ങി.

ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 'ഭക്തി ചായ് ഒരുപാട് കസ്റ്റമേഴ്‌സിനെ നേടിയെടുക്കുകയും സ്വന്തമായി വെബ്‌സൈറ്റ് ഉണ്ടാക്കുകയും ചെയ്തു.
എന്തെങ്കിലും പുതുതായി ചെയ്യണമെന്ന ആഗ്രഹമാണ് അവരെ വിജയിച്ച ഒരു ബിസിനസ്സുകാരിയാക്കി മാറ്റിയത്. ഇരട്ടക്കുഞ്ഞുങ്ങളെ വളര്‍ത്തുന്ന സിംഗിള്‍ മദറാണ് എഡ്ഡി. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് നല്ല ചായയുണ്ടാക്കുന്ന കലയിലേക്ക് അവര്‍ മാറിയത്. 2014-ല്‍' എന്റര്‍പ്രണര്‍ മാഗസിന്റെ എന്റര്‍പ്രണര്‍ ഓഫ് ദ ഇയര്‍ മത്സരത്തില്‍ അവസാന അഞ്ചിലെത്താന്‍ പാകത്തില്‍ എഡ്ഡി വളര്‍ന്നത്. സ്വന്തം ഇഷ്ടത്തിനു പുറകേ പോകാനും റിസ്‌ക് എടുക്കാനുമുള്ള ആത്മവിശ്വാസത്തിന്റെ ബലത്തിലാണ്
എഡ്ഡി എല്ലാം നേടിയത്. ഇന്ന് കൊളറാഡോ ആസ്ഥാനമായ ഭക്തി ചായ ഇപ്പോള്‍ രണ്ട് മില്ല്യണ്‍ ഡോളറിന്റെ വില്‍പന നടത്തുന്നുണ്ട്.
ഓര്‍ക്കുക നമ്മുടെ എല്ലാ പരാജയങ്ങളുടേയും മുഖ്യകാരണം ആത്മവിശ്വാസം ഇല്ലായ്മ തന്നെയാണ്.
''പണം ഒരിക്കലും നിങ്ങള്‍ക്ക് ഒരാശയവും നല്‍കുന്നില്ല.
മറിച്ച് ആശയങ്ങള്‍ നിങ്ങള്‍ക്ക് പണം തരും.''
* ഓവന്‍ ലാഫ്‌ലിന്‍