
ചേര്‍ത്തല: വിവാഹമോചനത്തിനെത്തിയ യുവതിയും ഭര്‍ത്തൃസഹോദരിയും കോടതി വളപ്പില്‍ ഏറ്റുമുട്ടി. ചേര്‍ത്തല കോടതി വളപ്പിലാണ് സംഭവം. വയലാര്‍ സ്വദേശിനിയായ യുവതിയും പട്ടണക്കാട്ട് സ്വദേശിയായ ഭര്‍ത്താവിന്റെ സഹോദരിയും തമ്മിലാണ് അടിപിടിയുണ്ടായത്. ദമ്പതിമാരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ടാണ് ഏറ്റുമുട്ടല്‍ നന്നത്. എന്നാല്‍ തര്‍ക്കം മറ്റുള്ളവര്‍ ഏറ്റെടുത്തതോടെ കൂട്ടത്തല്ലാകുകയായിരുന്നു.
വിവാഹമോചനക്കേസ് നടക്കുന്നതിനിടെ കുട്ടികളെ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും ചേര്‍ത്തല കോടതിയിലെത്തിയത്. ഇതിനെ ചൊല്ലി യുവതിയും ഭര്‍ത്തൃസഹോദരിയും തമ്മിലാണ് ആദ്യം വഴക്കുണ്ടായത്. തുടര്‍ന്ന് രണ്ടു സ്ത്രീകളും പരസ്പരം മുടി പിടിച്ചുവലിക്കുകയും മുഖത്തടിക്കുകയും ചെയ്തു. നിലത്ത് വീണിട്ടും അടി തുടര്‍ന്നു. യുവതികളെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഇരുവരും പിന്മാറിയില്ല. മറ്റുള്ളവര്‍ ഇടപെട്ടതോടെ സംഭവം കൂട്ടത്തല്ലായി മാറുകയായിരുന്നു.
സംഘര്‍ഷത്തിനിടയില്‍ ഭാര്യയെ ചവിട്ടുകയും അടിച്ചു പരുക്കേല്പിക്കുകയും ചെയ്തതിന് യുവതിയുടെ ഭര്‍ത്താവിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരവും ചേര്‍ത്തല പോലീസ് കേസെടുത്തു. വനിതാ പോലീസ് സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ വിഷയത്തില്‍ ഇടപെടാന്‍ ആദ്യം മടിച്ചു പിന്നീട് ഇവര്‍ തന്നെ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. ദമ്പതികള്‍ക്ക് ഏഴ് നാലും വയസ്സുള്ള കുട്ടികളാണ് ഉള്ളത്.






