
കോട്ടയം: പോലീസിന്റെ ഷൂട്ടിങ് പരിശീലനത്തിനിടെ വെടിയുണ്ട വീടിനുള്ളിൽ തുളച്ചുകയറി. സംഭവത്തിൽ വീടിന്റെ ചിജനൽച്ചില്ലു പൊട്ടി. ഈ സമയത്ത് മുറിക്കുള്ളിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം നാട്ടകത്ത് ശനിയാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് സംഭവം.
പോളിടെക്നിക് കോളേജിനോട് ചേർന്നുള്ള ചെറിയ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടെയിലാണ് വെടിയുണ്ട ഉന്നംതെറ്റി പതിച്ചത്. എറണാകുളം സ്വദേശിയായ ഇ.എ. സോണി വാടകയ്ക്ക് താമസിക്കുന്ന വീടാണിത്. സോണിയുടെ ഭാര്യ ജിൻസിയും രണ്ട് മക്കളുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
വീടിന്റെ പിന് വശത്തെ ജനലാണ് വെടിവയ്പില്‍ പൊട്ടിയത്. സോണിയുടെ മകള്‍ അല്‍ക്കയുടെ സമീപത്തായാണ് വെടിയുണ്ടയും ജനല്‍ ചീളുകളും വന്ന് വീണത്. രണ്ട് വര്‍ഷം മുന്‍പ് എം സി റോഡില്‍ വാഹന ഷോറൂമിന് മുകളില്‍ വെടിയുണ്ട പരിശീലന വെടിവയ്പിനിടെ തറച്ചിരുന്നു.
അന്ന് നിർത്തിവച്ച പരിശീലനം വീണ്ടും ആരംഭിച്ചപ്പോഴാണ് നിലവിലെ സംഭവം. 1965ലാണ് നാട്ടകത്ത് റൈഫിള്‍ അസോസിയേഷന് ഷൂട്ടിംഗ് പരിശീലനത്തിന് സ്ഥലം അനുവദിക്കുന്നത്. അന്ന് ജനവാസ മേഖല അല്ലാതിരുന്ന പ്രദേശത്ത് ഇന്ന് നിറയെ വീടുകളാണുള്ളത്.






