
തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഇത് പരിഹരിക്കാനായി ആളുകള്‍ പല വഴികളും സ്വീകരിക്കാറുണ്ട്. ചിലര്‍ തമ്മില്‍ സംസാരിച്ച് കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കും, അതുമല്ലെങ്കില്‍ മറ്റുള്ളവര്‍ ഇടപെട്ട് കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കും. എന്നാല്‍ മറ്റ് സന്ദര്‍ഭങ്ങളില്‍ ചിലര്‍ എല്ലാം ക്ഷമിക്കുകയും മറക്കുകയും ചെയ്ത് വീണ്ടും കൂട്ടാകും. എന്നാല്‍ പ്രശ്നം ഉണ്ടായാല്‍ അത് തമ്മില്‍ തല്ലി തീര്‍ത്ത് പരിഹരിക്കുന്നവര്‍ ചുരുക്കമായിരിക്കും. കാരണം ഒരു തല്ലില്‍ കലാശിക്കണമെങ്കില്‍ ഇരുവരും തമ്മില്‍ ഒരു പ്രതികാര മനോഭാവമായിരിക്കും ഉടലെടുക്കുക. എന്നാല്‍ ഈ ചിന്താഗതികളെ മാറ്റിക്കുറിക്കുകയാണ് പെറുവിലെ ഒരു വിചിത്ര ആചാരം. പരസ്പരം കലഹം ഉണ്ടെങ്കില്‍ ഇത് തീര്തമ്മില് തല്ലി ഒത്തുതീര്‍പ്പാക്കാന്‍ ഒരു ഉത്സവം തന്നെയാണ് ഇവിടെ നടത്തുന്നത്. സംഭവം അറിഞ്ഞ് നെറ്റീസണ്‍സിനിടയില്‍ വലിയ അമ്പരപ്പാണ് ഉണ്ടായിരിക്കുന്നത്.
പെറുവിലെ ചുംബിവില്‍കാസിലെ വിദൂര ആന്‍ഡിയന്‍ ഗ്രാമമായ സാന്റോ ടോമസിലെ ഒരു വാര്‍ഷിക പോരാട്ട ഉത്സവമാണ് തകനകുയ് (Takanakuy) അഥവാ 'യുദ്ധം' എന്നറിയപ്പെടുന്ന പേരാട്ടം. ചുംബിവില്‍കാസിന്റെ തലസ്ഥാനമായ സാന്റോ ടോമസില്‍ ആരംഭിച്ച ഈ സമ്പ്രദായം പിന്നീട് മറ്റ് ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിച്ചു, കുസ്കോയും ലിമയും ആയിരുന്നു ആദ്യകാല പ്രധാന കേന്ദ്രങ്ങള്‍. പഴയ കലഹങ്ങള്‍ പരിഹരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ പരസ്പരം അടികൂടുന്നതാണ് ഈ ഉത്സവം. ഡിസംബറിലാണ് പ്രധാനമായും ഈ 'അടിയുത്സവം' നടക്കുക. ഒരു വര്‍ഷത്തില്‍ ഗ്രാമത്തിലുണ്ടാകുന്ന എല്ലാ തര്‍ക്കവും, അതില്‍ സ്വത്ത് തര്‍ക്കം മുതല്‍ കുടുംബ കലഹങ്ങള്‍ വരെ ഉള്‍പ്പെടും. കൈ കൊണ്ട് തല്ലി തീര്‍ക്കുകയാണ് ചെയ്യുക. കൊളോണിയല്‍ കാലഘട്ടത്തിലാണ് ഈ അടിയുത്സവത്തിന്റെ ആരംഭം എന്ന് കരുതപ്പെടുന്നു, അടിയുത്സവമാണെന്ന് കരുതി വെറുകെ കേറി ആരെയും അടിക്കാന്‍ കഴിയില്ല. അതിന് ചില ആചാരാനുഷ്ഠാനങ്ങളുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഈ ഉത്സവം.
തങ്ങളുടെ പ്രശ്നങ്ങള്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള ഇടവും സമൂഹത്തിന് മുന്നില്‍ ശാരീരിക ശക്തി പ്രകടിപ്പിക്കാനുള്ള അവസരവും ഇതിലൂടെ ഗ്രാമവാസികള്‍ക്ക് ലഭിക്കുന്നു. എന്നാല്‍, ഇവിടെ പരാതിക്കാര്‍ക്ക് വേണ്ടി മറ്റൊരാള്‍ അടിക്കാന്‍ വരില്ല. മറിച്ച് പരാതിക്കാര്‍ തന്നെ തമ്മില്‍ തല്ലി തീരുമാനമുണ്ടാക്കണം.ഓരോ വര്‍ഷവും, ഗ്രാമത്തിലെ ചിലരെ 'കാര്‍ഗുഡോ'കളായി (cargudos) തെരഞ്ഞെടുക്കുന്നു, തകനകുയിയുമായി ബന്ധപ്പെട്ട നൃത്തങ്ങളും പരേഡുകളും ചടങ്ങുകളും സംഘടിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും. ഉത്സവത്തിന്റെ ഭാഗമായി കുഞ്ഞ് യേശുവിനെ ആദരിക്കുന്നതിനുള്ള ഘോഷയാത്രയും ആഘോഷങ്ങളില്‍ ഉള്‍പ്പെടുന്നു.
ആഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ വിപുലമായ മുഖംമൂടികള്‍ ഉപയോഗിച്ച് മുഖം മറയ്ക്കുകയും പോരാട്ടം ആരംഭിക്കുന്നതിന് മുമ്പ് തിരിച്ചറിയപ്പെടാതിരിക്കാന്‍ അവരുടെ ശബ്ദം പോലും മാറ്റുകയും ചെയ്യുന്നു. പ്രദേശത്തെ പ്രധാന പള്ളിയായ സാന്റോ ടോമസിന് ചുറ്റുമുള്ള നിരവധി യുവാക്കള്‍, ഗ്രാമവാസികള്‍ക്ക് മുന്നില്‍ തങ്ങളുടെ ധൈര്യം തെളിയിക്കാനുള്ള അവസരമായി തകനകുയിയെ കാണുന്നു. ജയിക്കുന്നവര്‍ക്ക് ഓണററി ടൈറ്റിലുകള്‍ ലഭിക്കുന്നു, പിന്നീടുള്ള വര്‍ഷങ്ങളിലും ഈ പദവി അവര്‍ക്ക് സ്വന്തം. 'കുട്ടികളും സ്ത്രീകളും പോലും തകനാകുയിയില്‍ പങ്കെടുക്കുന്നു. എന്നാല്‍, ചില സ്ഥലങ്ങളില്‍ പാരമ്പര്യവാദികള്‍ പുരുഷന്മാരെ മാത്രമേ അങ്കത്തിന് അനുവദിക്കൂ. തുറസ്സായ ഒരു സ്ഥലത്താണ് പോരാട്ടം നടക്കുക. തമ്മില്‍ തല്ലുന്നവര്‍ക്ക് ചുറ്റും കാണാനായി വലിയൊരു ആള്‍ക്കൂട്ടമുണ്ടാകും. ഇവരുടെ ആര്‍പ്പ് വിളികള്‍ക്ക് നടുവിലാണ് പോരാട്ടം. പരസ്പരം തല്ല് കൂടുന്നവരില്‍ ആരാണോ ആദ്യം നിലത്ത് വീഴുന്നത് അയാള്‍ പരാജയപ്പെടും എന്നാതാണ് നിയമം. മറ്റ് എങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ റഫറിക്ക് കളിയില്‍ ഇടപെടാം.






