
വന്യജീവികളെ നിരീക്ഷിക്കാനായി സ്ഥാപിച്ച ക്യാമറയില്‍ സഹായം അഭ്യര്‍ത്ഥിച്ച് പ്രത്യക്ഷപ്പെട്ട ഒരു സഞ്ചാരിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടുന്നത്. അലാസ്കയിലെ വിദൂരമായ ദേശീയോദ്യാനത്തിലാണ് സംഭവം. തണുപ്പുകാലത്തിലെ നിഷ്ക്രിയാവസ്ഥയ്ക്ക് മുന്നോടിയായി തവിട്ടുനിറത്തിലുള്ള കരടികള്‍ സാല്‍മണ്‍ മത്സ്യത്തെ കഴിക്കാനായി എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായിട്ടായിരുന്നു ക്യാമറകള്‍ സ്ഥാപിച്ചത്.
കരടികളില്‍ ഏറ്റവും അക്രമണകാരികളായ കരടികള്‍ തവിട്ട് നിറമുള്ള കരടികളാണ്. എന്നാല്‍, നിരീക്ഷണ ക്യാമറയ്ക്ക് മുന്നില്‍ വന്നത് മഞ്ഞ് മൂടിയ പ്രദേശത്ത് നിന്നും കയറിവന്ന ക്ഷീണിച്ച് അവശനായ ഒരു മനുഷ്യന്, അദ്ദേഹം ക്യാമറയെ കടന്ന് പോയതിന് ശേഷം വീണ്ടും തിരിച്ച് വന്ന് 'എന്നെ സഹായിക്കൂ' എന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. കരടികളുടെ കാഴ്ചകള്‍ക്കായി ക്യാമറയിലെ ലൈവ് ഫീഡ് നോക്കിക്കൊണ്ടിരിക്കുകയായിരുന്ന വന്യജീവി പ്രേമികള്‍, ആ മനുഷ്യന്റെ സഹായാഭ്യര്‍ത്ഥന കേട്ടു. വനാന്തര്‍ഭാഗത്തെ വന്യമൃഗങ്ങളെ അവയുടെ ജൈവീകാവസ്ഥയില്‍ വന്യജീവി പ്രേമികള്‍ക്ക് കാണുന്നതിനായി അമേരിക്കയിലെ ദേശീയ പാര്‍ക്കുകള്‍ തങ്ങളുടെ വനത്തില്‍ നിരവധി ലൈവ് സ്ട്രീം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ അലാസ്കയിലെ 4.1 ദശലക്ഷം ഏക്കര്‍ (6,400 ചതുരശ്ര മൈലിന് തുല്യം) വ്യാപിച്ചുകിടക്കുന്ന വിശാലവും ദൃശ്യഭംഗിയുള്ളതുമായ തീരപ്രദേശമായ കാറ്റ്മൈ നാഷണല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഏഴ് ക്യാമറകളില്‍ ഒന്നിന് മുന്നിലേക്കാണ് വഴി തെറ്റിയ സഞ്ചാരി എത്തിയത്. തവിട്ട് കരടികളുടെ സാന്നിധ്യം കൂടുതലായിട്ടുള്ള മേഖലയാണിത്.
കൂട്ടം തെറ്റി ഒറ്റപ്പെട്ട് പോയതായിരുന്നു ആ സഞ്ചാരി. പാര്‍ക്ക് റേഞ്ചര്‍മാര്‍ പിന്നീട് ഈ സഞ്ചാരിയെ കണ്ടെത്തുകയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്തു. ഗുഡ്ന്യൂസ് മൂവ്മെന്റ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടൊപ്പമുള്ള കുറിപ്പില്‍ ഇങ്ങനെ നല്കിയിരിക്കുന്നു. 'കരടികളെ നിരീക്ഷിക്കാന്‍ സ്ഥാപിച്ച വെബ് ക്യാമറകള്‍ക്ക് നന്ദി പറഞ്ഞ് ഈ ആഴ്ച കാറ്റ്മൈ നാഷണല്‍ പാര്‍ക്കില്‍ ഒരു കാല്‍നടയാത്രക്കാരനെ രക്ഷിച്ചു. ഭാഗ്യവശാല്‍, ഏകദേശം 6-8 ആളുകള്‍ ലൈവ് സ്ട്രീം കാണുകയും ദേശീയ പാര്‍ക്ക് സേവനത്തെ അറിയിക്കുകയും ചെയ്തു.' കുറിപ്പ് ഇങ്ങനെ തുടരുന്നു.' ദുഃഖത്തിലായ കാല്നടയാത്രക്കാരന് ഡംപ്ലിംഗ് പര്‍വതത്തില്‍ ക്യാമറ കണ്ടു, സഹായം അഭ്യര്‍ത്ഥിക്കുന്നതിന് മുമ്പ് ഒരു തള്ളവിരല്‍ കാണിക്കുന്നു. (തംബ്സ് ഡൗണ്‍) നാഷണല്‍ പാര്‍ക്ക് സേവനത്തെ ലൈവ് സ്ട്രീം കാഴ്ചക്കാര്‍ അറിയിച്ചതിന് ശേഷം, രക്ഷാപ്രവര്‍ത്തകര്‍ അവനെ നാഗരികതയിലേക്ക് തിരികെ എത്തിച്ചു. അല്‍പ്പം തണുപ്പ്, പക്ഷേ കേടുപാടില്ല' . കാലാവസ്ഥ മോശമായപ്പോള്‍ വഴി തെറ്റിപ്പോയതാണ് അദ്ദേഹം.






