
ബാഗ്ദാദ്: വിവാഹസ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ 100 ലധികം പേര് കൊല്ലപ്പെട്ടതായും 150 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. വടക്കന്‍ ഇറാഖിലെ ഹംദാനിയയില്‍ ഒരു വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. പ്രാഥമിക പരിശോധനയില്‍ 100 പേര്‍ക്ക് ജീവന് നഷ്ടമായതായിട്ടാണ് നിനേവെ പ്രവിശ്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.
ഹംദാനിയയിലെ ക്രൈസ്തവ വിഭാഗങ്ങള്‍ കൂടുതലുള്ള കിഴക്കന്‍ നഗരമായ മൊസൂളിലെ പ്രധാന ആശുപത്രിയ്ക്ക് മുന്നില്‍ ഒന്നിലധികം ആംബുലന്‍സുകള്‍ സൈറന്‍ മുഴുക്കി എത്തുന്നതിന്റെയും രക്തദാനത്തിന് എത്തുന്നവരുടേയും തിരക്കാണെന്ന് എഎഫ്ബി ഫോട്ടോഗ്രാഫര്‍മാരെ ഉദ്ധരിച്ച് വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്്. ശീതീകരിച്ച ട്രക്കിന്റെ വാതിലുകളില്‍ നിരവധി കറുത്ത ബോഡി ബാഗുകളുമായി ചിലര്‍ ഒത്തുകൂടുന്നതും കണ്ടു.
തീപിടിത്തമുണ്ടായ വിവാഹ ഹാളിനുള്ളില്‍ 'വളരെ തീപിടിക്കുന്നതും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതുമായ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളതായി പ്രതിരോധ വിഭാഗം അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പന്തലിന്റെ മുകള്‍ഭാഗത്ത് ചെലവ് കുറഞ്ഞതും എളുപ്പം തീപിടിക്കുന്നതുമായ വസ്തുക്കള്‍ ഉപയോഗിച്ചിരുന്നു. ഇത് ഇടിഞ്ഞുവീണത് തീ പടരാനം കാരണമായെന്നണ് പ്രാഥമിക നിഗമനം.






