
ന്യൂഡല്‍ഹി: സൈനിക ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ചതിന് പിന്നാലെ എയ്ഡ്സ് ബാധിതനായ സൈനികന് 1.54 കോടിയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സുപ്രീംകോടതി. ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ദിപന്കര് ദത്ത എന്നിവരുടെ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറത്തിറക്കിയത്. കേസില്‍ കരസേനയ്ക്കും വ്യോമസേനയ്ക്കും ഈ വീഴ്ചയില്‍ ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഒന്നര മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നും പറഞ്ഞു.
ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥന് 2002 ല്‍ ഓപ്പറേഷന് പരാക്രം നടക്കുന്നതിനിടയില്‍ ജമ്മു കശ്മീരില്‍ വെച്ച് സ്വീകരിച്ച രക്തത്തിലൂടെയാണ് ചികിത്സാപിഴവ് ഉണ്ടായത്. പിന്നീട് നടത്തിയ പരിശോധനയില്‍ എച്ച്്ഐവി കണ്ടെത്തുകയായിരുന്നു. ഇരയുടെ മൗലീകാവകാശം, അനുകമ്പ, ബഹുമാനം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ അടിസ്ഥാന തത്വങ്ങളും കേസില്‍ ഉത്തരവാദിയായവര്‍ ലംഘിച്ചെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. രണ്ടു സേനകള്‍ക്കും വീഴ്ചയില്‍ ഉത്തരവാദിത്വമുണ്ടെന്നും പറഞ്ഞു.
നഷ്ടപരിഹാരത്തിനൊപ്പം സൈന്യത്തില്‍ നിന്നും കിട്ടാനുള്ള കുടിശ്ശികയും മറ്റാനുകൂല്യങ്ങളും അടിയന്തിരമായി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. കശ്മീരിലെ ചികിത്സ കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ 2014 ല്‍ നടത്തിയ പരിശോധനയിലാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. രോഗത്തിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് രക്തം സ്വീകരിച്ച കാര്യം കണ്ടെത്തിയത്്. 2016 ല്‍ ഇദ്ദേഹം സൈന്യത്തില്‍ നിന്നും വിരമിക്കുകയും ചെയ്തു. 2001 ലെ പാര്‍ലമെന്റാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ സൈന്യം നടത്തിയ നീക്കമാണ് ഓപ്പറേഷന് പരാക്രം. നീക്കത്തില്‍ അതിര്‍ത്തിയിലായിരുന്നു സൈനികന് പോസ്റ്റിംഗ്. ഇവിടെവെച്ച് പരിക്കേറ്റപ്പോഴായിരുന്നു ഒരു യൂണിറ്റ് രക്തം സ്വീകരിച്ചത്.






