Authored by ഗണേശന് എസ്. | Last updated: 27 Sep 2023, 1:50 PM | 1 min read
രത്നധാരണം കൊണ്ടുള്ള ഗുണങ്ങള്‍ വളരെ വലുതാണ്. ശരീരത്തിനും മനസ്സിനും ഉത്തേജനം ഉണ്ടാക്കുവാനും ഊര്‍ജ്ജം നിലനിര്‍ത്തുവാനും രത്നധാരണത്താല് കഴിയും. മനുഷ്യന്റെ മനസ്സിലും ശരീരത്തിലും ഉറങ്ങിക്കിടക്കുന്ന ഊര്‍ജ്ജത്തെ ഉണര്‍ത്തുവാനും അതിലൂടെ ഉന്മേഷത്തോടെയും നല്ല ചിന്തയോടെയും പ്രവര്‍ത്തിക്കുവാനും കഴിയും. ജീവിതത്തില്‍ എന്തുതന്നെ നേടണമെങ്കിലും മാനസ്സികബലവും ശാരീരികബലവും അത്യന്താപേക്ഷിതമാണ്.
മനസ്സ് തളര്‍ന്നാല്‍ ശരീരവും തളരും. അതിലൂടെ മടി പുനര്‍ജനിക്കും. ഒന്നും ചെയ്യാന്‍ പറ്റാതെ വെറുതെ നിരാശനായിത്തീരും. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് മനുഷ്യനെ പല രീതിയിലും ചിന്തിപ്പിക്കുന്നതും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത്. എന്ത് സമ്മര്‍ദ്ദമുണ്ടെങ്കിലും ശരിയായ രീതിയില്‍ ചിന്തിച്ച് ശരിയായ മാര്‍ഗം കണ്ടെത്തി ശക്തമായി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഒരു മനുഷ്യന് വിജയപഥത്തിലെത്തുവാനും വിജയിക്കുവാനും കഴിയൂ. ഈശ്വരവിശ്വാസവും നിത്യ പ്രാര്‍ത്ഥനയും അത്യന്താപേക്ഷിതമായി പാലിച്ചുപോകേണ്ട കാര്യംതന്നെയാണ്. പക്ഷേ, അത് വിശ്വാസത്തോടെ ഏകാഗ്രമായി ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ പ്രയോജനമുള്ളൂ.
എല്ലാ ദിവസവും രാവിലെയും വൈകിട്ടും പ്രാര്‍ത്ഥനയ്ക്കുവേണ്ടി സമയം കണ്ടെത്തി എല്ലാ ചിന്തകളും വെടിഞ്ഞ് ഈശ്വരനെ മാത്രം കണ്ടുകൊണ്ട് പ്രാര്‍ത്ഥിക്കാന്‍ നമുക്ക് കഴിയണം. അതിന് ഫലമേറെയാണ്. അതിനെല്ലാം അവശ്യം മനസ്സിന്റെ ഏകാഗ്രതയാണ്.
ഏകാഗ്രതയുണ്ടാകണമെങ്കില് മനസ്സിലും, ശരീരത്തിലും പോസിറ്റീവ് എനര്‍ജി നിലനില്‍ക്കണം. ഇവിടെയാണ് രത്നധാരണത്തിന്റെ പ്രാധാന്യം. രത്നം ശരിയായ രീതിയില്‍ തിരഞ്ഞെടുത്ത് ധാരണാ വിധിപ്രകാരം ധരിച്ചു കഴിയുമ്പോള്‍ അതിലൂടെ ഉണ്ടാകുന്ന ശക്തമായ ഊര്‍ജ്ജ പ്രവാഹത്താല്‍ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിക്കുകയും അതിലൂടെ കര്‍മ്മങ്ങള്‍ ഭംഗിയായി ചെയ്യുവാനും കഴിയും.
രത്നധാരണത്തിലൂടെ ഗ്രഹനില പ്രകാരമുള്ള ദോഷങ്ങളും തടസ്സങ്ങളും അതിജീവിക്കുവാന്‍ കഴിയും. രത്നധാരണത്തിലൂടെ ഉണ്ടാകുന്ന ഊര്‍ജ്ജ പ്രവാഹത്താല്‍ ശരീരത്തിന്റെ എനര്‍ജി ലെവല്‍ വര്‍ദ്ധിക്കുകയും അതിലൂടെ രോഗപ്രതിരോധശക്തി വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ഗ്രഹനിലപ്രകാരം ആജീവനാന്തം സംരക്ഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഗ്രഹങ്ങള്‍ കണ്ടെത്തി അതിനെ സ്വാധീനിക്കുന്ന രത്നങ്ങള്‍ തിരഞ്ഞെടുത്ത് ധാരണാവിധിപ്രകാരം ധരിച്ചു കഴിഞ്ഞാല്‍ തീര്‍ച്ചയായും വിജയം ഉറപ്പ്.