
മലപ്പുറം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരേ ഉയര്‍ന്ന കോഴ വിവാദത്തില്‍ പരാതിക്കാരന് മലപ്പുറം സ്വദേശി ഹരിദാസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഹരിദാസിനോട് രേഖകള്‍ ഉള്‍പ്പടെ ഹാജരാക്കി മൊഴിനല്‍കാന്‍ കന്റോണ്‍മെന്റ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിദാസിന്റെ മരുമകള്‍ കൈമാറിയ നിയമന ഉത്തരവ് വ്യാജമായി ഉണ്ടാക്കിയതെന്നാണ് പൊലീസ് നിഗമനം.
കത്തിലെ ലോഗോയും വാചകങ്ങളും ആയുഷ് കേരളം അയക്കുന്നതിന് തുല്യമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യകേരളത്തിന്റെ ഓഫിസിലും പരിശോധന നടത്തും. അതിനിടയില്‍ ഹരിദാസ് കൂടുതല്‍ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെ നേരില്‍ കണ്ട് വിവരം അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.
ഓഗസ്റ്റ് 17 ന് പിഎസിനെ വിളിച്ച് വിവരം അറിയിച്ചിട്ടും ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും വിളിച്ചില്ലെന്നും ഓഫീസ് കേന്ദ്രീകരിച്ചുള്ള സംഘം മറ്റ് തട്ടിപ്പുകള്‍ നടത്തിയതായും പറഞ്ഞു. മന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന്റെ പരാതിയിലാണ് കേസ്. എന്നാല്‍ അഖില്‍ മാത്യു തന്നെയാണ് സെക്രട്ടറിയേറ്റിന്റെ സമീപംവച്ച് പണം തന്നോട് വാങ്ങിയതെന്ന ഉറച്ചനിലപാടിലാണ് ഹരിദാസ്.






