
കോട്ടയം: പാലാ നഗരസഭയിൽ ഭരണ പ്രതിസന്ധി രൂക്ഷമാകുന്നു. സ്വതന്ത്ര കൂട്ടായ്മയുമായി ഇനി സഹകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയതായി മണ്ഡലം കമ്മിറ്റി അറിയിച്ചു. സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിക്കാനാണ് നിലവിലെ തീരുമാനം. പ്രമേയം കോൺഗ്രസ് ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾക്ക് കൈമാറുമെന്ന് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അറിയിച്ചു.
സ്വതന്ത്ര കൂട്ടായ്മയുമായി ഏറെ നാളായി തുടരുന്ന തർക്കങ്ങൾക്കൊടുവിലാണ് ഈ നിലപാട്. കൂട്ടായ്മയുമായുള്ള സഹകരണം ഇനി മുന്നോട്ടില്ലെന്നും മാണി ഗ്രൂപ്പുമായും സഹകരിക്കില്ലെന്നും പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നു.
അതേസമയം, ഡിവൈഎഫ്ഐ സമ്മേളനത്തിനായി കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് നഗരസഭ കൗൺസിലിൽ ഉണ്ടായ തർക്കമാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയത്. യുഡിഎഫ് അംഗങ്ങളുടെ അഭാവത്തിൽ നടന്ന വോട്ടെടുപ്പിലാണ് ഡിവൈഎഫ്ഐയുടെ ആവശ്യം അംഗീകരിച്ചത്.
സ്റ്റാൻഡ് വിട്ടുനൽകുന്നതിൽ ചെയർപേഴ്സണും ഭരണപക്ഷ കൗൺസിലർമാരും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷ ദിയ പുളിക്കക്കണ്ടം വ്യക്തമാക്കി.






