
പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫിനെതിരായ നിയമന കൈക്കൂലി കേസില്‍ അന്വേഷണസംഘം മൊഴിയെടുക്കാന്‍ ഹരിദാസിന്റെ വീട്ടിലെത്തി. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുള്ള അഖില്‍ മാത്യൂ ഒരുലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ഹരിദാസന്റെ മലപ്പുറത്തെ വീട്ടിലെത്തിയാണ് മൊഴി എടുക്കുന്നത്.
മകന്റെ ഭാര്യയുടെ നിയമനത്തിന് അഖില്‍ മാത്യുവും അഖില്‍ സജീവും കൈക്കൂലി വാങ്ങിയെന്നാണ് ഹരിദാസന്റെ പരാതി. അതേസമയം ഹരിദാസന് ആരോഗ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. അഖില്‍ മാത്യുവിന് ഒരു ലക്ഷവും ഇടനിലക്കാരനായ സിഐടിയു പത്തനംതിട്ട മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവിന് 75,000 രൂപയും കൈമാറിയെന്നാണ് മലപ്പുറം സ്വദേശി ഹരിദാസന്റെ ആരോപണം. എന്നാല്‍ അഖില്‍ മാത്യു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം.
ഈ മാസം 23 ന് തന്നെ പേഴ്സണല്‍ സെക്രട്ടറി വഴി ഡിജിപിക്ക് പരാതി നല്കി എന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞത്. എന്നാല്‍, പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. തന്നെയും ആരോഗ്യവകുപ്പ് മന്ത്രിയെയും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഹരിദാസനില്‍ നിന്നും മറ്റാരോ പണം കൈപ്പറ്റിയെന്നും ഈ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നുമായിരുന്നു അഖിലിന്റെ പരാതി.
ഹരിദാസന് ഒരു ലക്ഷം രൂപ കൈമാറിയെന്ന് പറയുന്ന സമയത്ത് തിരുവനന്തപുരത്ത് ഇല്ലായിരുന്നെന്നും പത്തനംതിട്ടയില്‍ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ ആയിരുന്നെന്നുമാണ് അഖില്‍ മാത്യു പറഞ്ഞിരിക്കുന്നത്. മന്ത്രിയും ഈ വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ തെളിവുകളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഖില്മാത്യൂ പരാതിയുമായി എത്തിയതും.






