
സമൂഹ മാധ്യമമായ Quora യില്‍ ദിവസവും ഓരോ വിഷയത്തെയും സംബന്ധിക്കുന്ന അനേകായിരം ചോദ്യങ്ങളും ഉത്തരങ്ങളുമാണ് വന്നെത്തുന്നത്. ഓരോരുത്തര് തങ്ങളുടെ അഭിപ്രായങ്ങളും ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതുയതായി നടക്കുന്ന ഒരു ചര്‍ച്ച ലോകത്തിലെ ഏറ്റവും ചെലവേറിയ വൃക്ഷം ഏതാണെന്നും അതിന്റെ വില എത്രയാണ് എന്നതിനെകുറിച്ചുമാണ്. എന്നാല്‍ പലരും വ്യത്യസ്ത അഭിപ്രായങ്ങളുമായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്.
അമിത് മണ്ഡല് എന്ന വ്യക്തി അഭിപ്രായപ്പെട്ടത്, മെക്സിക്കോയിലെ മെക്സിക്കോ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ബ്ലൈന്‍ഡ് ഫോള്‍ഡഡ് ട്രീയാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ വൃക്ഷമെന്നാണ്. മരിയ ഡി ലോസ് ആഞ്ചലസ് എന്നാണ് ഈ മരത്തിന്റെ പേര് ഒന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 700 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ മരം കൃത്രിമമായി സൃഷ്ടിച്ച സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
എന്നാല്‍ മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത് ലോകത്തിലെ ഏറ്റവും ചെലവേറിയ വൃക്ഷം ആഫ്രിക്കന്‍ ബ്ലാക്ക്വുഡ് ട്രീ (ഡാല്‍ബെര്‍ജിയ മെലനോക്സൈലോണ്) ആണെന്നാണ്. ഈ മരത്തിന്റെ തടി ലോകത്തിലെ ഏറ്റവും വിലയേറിയതായി കണക്കാക്കപ്പെടുന്നു. ഇതിന്റെ വില ഒരു കിലോഗ്രാമിന് 10,000 ഡോളര്‍ വരെയാകാം എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ ഉത്തരങ്ങളുടെ എല്ലാം ആധികാരികത സംബന്ധിച്ച് സംശയങ്ങളുണ്ട്. കാരണം വ്യക്തമായ വിവരങ്ങള്‍ നല്‍കാതെയും ഉറവിടങ്ങള്‍ സൂചിപ്പിക്കാതെയും ആയിരുന്നു പല അഭിപ്രായ പ്രകടനങ്ങളും.
അതേസമയം, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം, സ്റ്റാര്ക്സ്പുര് ഗോള്‍ഡന്‍ ഡെലിഷ്യസ് ആപ്പിള്‍ ട്രീ (Starkspur Golden Delicious Apple tree) ആണ് ലോകത്തിലെ ഏറ്റവും ചെലവേറിയ വൃക്ഷമായി കണക്കാക്കപ്പെടുന്നത്.
1959 -ല്‍ അമേരിക്കയിലെ വാഷിംഗ്ടണില്‍ 42 ലക്ഷം രൂപയ്ക്ക് ഒരാള്‍ ഇത് വാങ്ങിയതിന് ശേഷമാണ് ഈ റെക്കോര്‍ഡ് ഉണ്ടായത്. എന്നാല്‍, AZ അനിമല്‍ വെബ്സൈറ്റിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ജപ്പാനിലെ കാറ്റോ കുടുംബത്തിന് അവരുടെ വീട്ടുവളപ്പില്‍ 1000 വര്‍ഷം പഴക്കമുള്ള ഒരു ബോണ്‍സായ് മരമുണ്ട്. ജുനൈപ്പര്‍ ബോണ്‍സായ് എന്നാണ് ആ മരത്തിന് പേരിട്ടിരിക്കുന്നത്. മരത്തിന് 16 കോടി രൂപ വരെ വിലയുണ്ടത്രേ ഇതിന്. നിലവില്‍ ഏറ്റവും ചെലവേറിയ മരമായി ഇതും പറയപ്പെടുന്നുണ്ടെങ്കിലും, ഇത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇതുവരെ ഉള്‍പ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.






