
പോത്തിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് മൂന്നര പവന്റെ സ്വര്‍ണ്ണമാല. മാഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ സര്‍സി ഗ്രാമത്തിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. പാത്രത്തില്‍ അബദ്ധത്തില്‍ വീണ മാലയാണ് വയറ്റിലെത്തിയത്. തുടര്‍ന്ന് വെള്ളിയാഴ്ച്ച ശസ്ത്രക്രിയ വഴി സ്വര്‍ണമാല പുറത്തെടുക്കുകയായിരുന്നു.
കര്‍ഷകനായ രാംഹാരി ഭോയാര്‍ തന്റെ സോയ ഫാമില്‍ നിന്ന് പോത്തിന് കൊടുക്കാന്‍ സോയാബീന്‍ കൊണ്ടുവരികയായിരുന്നു. രാംഹാരിയുടെ ഭാര്യ ഗീതാബായി ഒരു പ്ലേറ്റില്‍ സോയ വച്ച് കൊടുത്തപ്പോള്‍ മാല അതിലേക്ക് വീഴുകയായിരുന്നു. എന്നാല്‍, ഗീതാബായി അത് ശ്രദ്ധിച്ചിരുന്നില്ല.
ഉച്ചയോടെയാണ് സ്വര്‍ണ്ണ മാല നഷ്ടപ്പെട്ടതായി ഞങ്ങള്‍ മനസ്സിലാക്കിയത്. മോഷണം നടന്നിട്ടുണ്ടെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് സോയാബീനിനൊപ്പം സ്വര്‍ണമാലയും പോത്ത് കഴിക്കുകയായിരുന്നുവെന്ന് പിന്നീടാണ് മനസിലാക്കിയത്. തുടര്‍ന്ന് പോത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.
'കന്നുകാലികള്‍ പ്ലാസ്റ്റിക്, നാണയങ്ങള്‍, അപകടകരമായ പല വസ്തുക്കള്‍ എന്നിവ അകത്താക്കിയാല്‍ ശസ്ത്രക്രിയ നടത്തുന്നത് പതിവാണ്. എന്നിരുന്നാലും, 2.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണം ലഭിക്കുന്നത് അത്യപൂര്‍വ്വമാണ്...'- ശസ്ത്രക്രിയ നടത്തിയ മൃഗഡോക്ടര്‍ ബാലാസാഹേബ് വെളിപ്പെടുത്തി.






