
ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജൈനിയില്‍ 15കാരിയെ ബലാത്സംഗത്തിനിരയാക്കി പ്രതിയുടെ വീട് പൊളിച്ചുനീക്കാന്‍ അധികൃതരുടെ തീരുമാനം. പ്രതിയായ ഓട്ടോഡ്രൈവര്‍ ഭാരത് സോണി അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയതോടെയാണ് ഈ നീക്കം.
ബലാത്സംഗത്തിനിരയായ 15 കാരി അര്‍ദ്ധനഗ്നയായി, രക്തസ്രാവത്തോടെ വീടുകള്‍ തോറും സഹായമഭ്യര്‍ത്ഥിച്ച് കരഞ്ഞുകൊണ്ട് നടക്കുന്ന വീഡിയോ കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. കുട്ടിയെ പല വീട്ടുകാരും ആട്ടിയോടിച്ചപ്പോള്‍ ഒരു പൂജാരിയാണ് വസ്ത്രങ്ങള്‍ നല്കി ആശുപത്രിയില്‍ കൊണ്ടുപോയത്.
കേസില്‍ ഭാരത് സോണിയെ വ്യാഴാഴ്ച അറസ്റ്റു ചെയ്തിരുന്നു. നിലവില്‍ ഇയാള്‍ ജയിലിലാണ്. ഇയാളുടെ കുടുംബം വര്‍ഷങ്ങളായി സര്‍ക്കാര്‍ ഭൂമി കൈയേറി വീട് വച്ചിരിക്കുകയാണെന്ന് ഉജ്ജൈന്‍ മുനിസിപ്പല്‍ കോര്പറേഷന് ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ കൈവശമിരിക്കുന്ന ഭൂമിയാണത്. അതുകൊണ്ടുതന്നെ നോട്ടീസ് നല്‍കേണ്ട ആവശ്യമില്ല. പോലീസ് സഹായത്തോടെ കോര്പറേഷന് നാളെ തന്നെ നടപടി സ്വീകരിക്കുമെന്നും മുനിസിപ്പല്‍ കമ്മീഷണര്‍ റോഷന് സിംഗ് പറഞ്ഞു.
സെപ്തംബര്‍ 26നാണ് പെണ്‍കുട്ടി തെരുവിലൂടെ നടന്നത്. 700 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. 35 അംഗ സംഘമാണ് അന്വേഷണത്തില്‍ ഉള്‍പ്പെട്ടത്. സംഘം കഴിഞ്ഞ മൂന്നാല് ദിവസമായി ഉറങ്ങിയിട്ടില്ലെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ അജയ് വര്‍മ്മ പറഞ്ഞു.






