
മനുഷ്യാവകാശ പ്രവർത്തകരുടെയും, അഭിഭാഷകരുടെയും, കവികളുടെയും വീടുകളിലടക്കം തെലങ്കാനയിലും ആന്ധ്ര പ്രദേശിലും 62 ഇടങ്ങളിൽ എൻഐഎ റെയ്ഡുകൾ.
രണ്ട് സംസ്ഥാനങ്ങളിലെ 17 ജില്ലകളിൽ ഇന്നലെ രാവിലെ മുതലാണ് റെയ്ഡുകൾ നടന്നത്. 2020-ൽ മുൻചിങ്ങിപ്പുട്ടു എന്ന ഗ്രാമത്തിൽ മാവോയിസ്റ്റ് യോഗങ്ങൾ നടക്കാറുണ്ടെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡുകൾ.
എൻഐഎ ആന്ധ്രയിലെ ശ്രീ സത്യസായി ജില്ലയിൽ നിന്ന് ഒരു മനുഷ്യാവകാശ പ്രവർത്തകനെ അറസ്റ്റ് ചെയ്തു. പ്രഗതിശീല കാർമിക സമഖ്യ എന്ന തൊഴിലാളി അവകാശ സംഘടനാ പ്രവർത്തകൻ ചന്ദ്രനരസിംഹുലുവിനെയാണ് അറസ്റ്റ് ചെയ്തത്. പിസ്റ്റളും 14 ബുള്ളറ്റുകളും ചന്ദ്രനരസിംഹുലുവിൽ നിന്ന് പിടിച്ചെടുത്തതായി എൻഐഎ പറഞ്ഞു. നിരോധിക്കപ്പെട്ട സിപിഐ എന്ന സംഘടനയുടെ പ്രവർത്തകരാണ് ഇവരിൽ പലരുമെന്നും എൻഐഎ പറഞ്ഞു. നിരവധി മനുഷ്യാവകാശ പ്രവർത്തകരിൽ നിന്ന് ലാപ്ടോപ്പുകളും ഫോണുകളും മറ്റ് പുസ്തകങ്ങളും അടക്കം പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം അറസ്റ്റിനെ ശക്തമായി അപലപിച്ച് ആന്ധ്രയിലെയും തെലങ്കാനയിലെയും സാമൂഹ്യപ്രവർത്തകർ രംഗത്തെത്തി.






