സ്റ്റോക്ക്ഹോം: 2023ലെ കെമിസ്ട്രിയിലുള്ള നൊബേല്‍ പുരസ്കാരം മൂന്ന് യൂ.എസ് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നുള്ള മോങി ബവേന്ദി, കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ലൂയി ബ്രൂസ്്, നാനോക്രിസ്റ്റല്‍സ് ടെക്നോളജിയില്‍ നിന്നുള്ള അലക്സി എകിമോവ് എന്നിവരാണ് പുരസ്കാര ജേതാക്കള്‍. ക്വാണ്ടം ഡോട്ട്സിന്റെ സങ്കലനവും ആവിഷ്കരണവുമാണ് ഇവരെ പുരസ്കാരത്തിന് അര്‍ഹരാക്കിയത്. റോയല്‍ സ്വീഡീഷ് അക്കാദമി ഓഫ് സയന്‍സസ് ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
എന്നാല്‍, പ്രഖ്യാപനം വരുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പേ അവാര്‍ഡ് ജേതാക്കളുടെ പേരുകളും സംഭാവനയും ചോര്‍ന്നിരുന്നു. റോയല്‍ സ്വീഡീഷ് അക്കാദമി ഓഫ് സയന്‍സസില്‍ നിന്നും അമേരിക്കന്‍ സ്വദേശികളായ മൂന്നു രസതന്ത്രജ്ഞരുടെ പേരുകള്‍ സ്വീഡീഷ് ടെലിവിഷന്‍ ആന്റ് റേഡിയോ പബ്ലിക് ബ്രോഡ്കാസ്റ്റേഴ്സ്, ദിനപത്രമായ ഡാഗന്‍സ് നൈഹെറ്റര്‍ എന്നിവയ്ക്ക് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
അക്കാദമിയുടെ ചരിത്രത്തില്‍ അപൂര്‍വ്വമായാണ് ഇത്തരത്തില്‍ ചോര്‍ച്ച നടക്കുന്നത്. 50 വര്‍ഷത്തിലേറെ പാരമ്പര്യമുണ്ട് പുരസ്കാര പ്രഖ്യാപനത്തിന്. പ്രഖ്യാപനത്തിന്റെ അവസാന നിമിഷങ്ങളിലാണ് പേരുകള്‍ അക്കാദമി വെളിപ്പെടുത്താറുള്ളു.






